soosan
സൂസൻ

മുതലക്കോടം: സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഫൈനലിൽ ഓടാനായി ട്രാക്കിൽ നിന്നപ്പോൾ സൂസന്റെ മനസിലെന്തായിരിക്കും. പോളിയോ മൂലം കിടപ്പിലായോ അച്ഛൻ ജോസഫോ, അതോ കായികതാരമായിരുന്നിട്ടും പഠനം നിറുത്തി കുടുംബം പോറ്റാൻ പെയിന്റിംഗ് ജോലിക്കിറങ്ങിയ ചേട്ടൻ ജോബിനോ, തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മ ഗ്രേസിയോ...എന്തായാലും വിസിൽ മുഴങ്ങിയപ്പോൾ കഷ്ടപാടുകൾക്കൊപ്പം മറ്റുള്ളവരെയും പിന്നിലാക്കി ഈ മിടുക്കി കുതിച്ചത് ഒന്നാം സ്ഥാനത്തേക്കായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞതവണ മത്സരിക്കാനാകാത്തതിന്റെ ക്ഷീണം കൂടി തീർക്കുന്നതായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പ്രകടനം. ബുദ്ധിമുട്ടുകൾക്കിടയിലും ഉപ്പുകണ്ടം ചാത്തനാട്ട് കുടുംബത്തിന്റെ പൂർണ പ്രോത്സാഹനവും സൂസനുണ്ട്. സിസ്റ്റർ ജോസീന സൂസന്റെ സഹോദരിയാണ്. ജിറ്റോ മാത്യുവാണ് പരിശീലകൻ.