മോർ ജങ്ഷൻ - മൂപ്പിൽ കടവ് - കാഞ്ഞിരമറ്റം റോഡ് തകർന്ന് തന്നെ
തൊടുപുഴ: നഗരത്തിന്റെ ഏറ്റവും തിരക്കുള്ള മോർ ജങ്ഷൻ - മൂപ്പിൽ കടവ് - കഞ്ഞിരമറ്റം റോഡിന്റെ ശോചനീവസ്ഥ പരിഹരിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നഗരത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധ ജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടി റോഡിനടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്. തൊടുപുഴ വാട്ടർ അതോറിറ്റിയാണ് റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിൽ എന്തെങ്കിലും നിർമ്മണ പ്രവർത്തികൾ നടത്തണമെങ്കിൽ പൊതു മരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. മാത്രമല്ല പൊതുമരാമത്ത് റോഡിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ഏജൻസികൾ പൊതു മരാമത്ത് മാനുവലിൽ പറഞ്ഞിരിക്കുന്ന സെക്യൂരിറ്റി തുകയും വകുപ്പിൽ അടക്കുകയും വേണം എന്നാണ് നിയമ വ്യവസ്ഥ. എന്നാൽ വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിക്കുമ്പോൾ പൊതു മരാമത്ത് വകുപ്പിന്റെ വ്യവസ്ഥകൾ പാലിച്ചിട്ടില്ല, കൃത്യമായ സെക്യൂരിറ്റി തുക വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിൽ കെട്ടി വെച്ചിട്ടില്ല എന്നുള്ള ആക്ഷേപങ്ങളാണ് പ്രദേശ വാസികളായ വീട്ടുകാരും വ്യാപാരികളും ആരോപിക്കുന്നത്. പൊതു മരാമത്ത് വകുപ്പിന്റെ കൃത്യമായ വ്യവസ്ഥകളോടെയും ആവശ്യമായ സെക്യൂരിറ്റി തുകയും കെട്ടിവെച്ചുമാണ് വാട്ടർ അതോറിറ്റി പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ വരില്ലായിരുന്നു എന്നും ജനം ആരോപിക്കുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന നിർമ്മാണ
പ്രവർത്തികൾ ഒൻപത് മാസങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചെങ്കിലും റോഡ് പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുള്ള തുടർ പ്രവർത്തികൾ നടപ്പിലാക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജനത്തെ കബളിപ്പിക്കുന്ന പ്രവർത്തികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ചെയ്യുന്നതും. കുടിവെള്ള പദ്ധതിക്ക് വേണ്ടി കാഡ്‌സ് ഓപ്പൺ മാർക്കറ്റ്, ടെലഫോൺ എക്സ്ചേഞ്ച് ജങ്ഷൻ - മാർക്കറ്റ്, പോസ്റ്റ് ഓഫീസ് റോഡുകളും വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചിരുന്നു. കടുത്ത വേനലിൽ പൊടി ശല്യം അസഹ്യ മായതിനെ തുടർന്നും വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ്വ സ്ഥിതിയിലാക്കാൻ അധികൃതർ അലംഭാവം കാണിക്കുന്നതിലും പ്രതിഷേധിച്ച് വ്യാപാരികൾ ഉൾപ്പടെയുള്ളവർ തൊടുപുഴ പൊതുമരാമത്ത് ഓഫീസ് പിക്കറ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഏതാനും ദിവസങ്ങൾക്കകം റോഡ് നന്നാകുമെന്ന് പൊതു മരാമത്ത് അധികൃതർ സമരക്കാരെ അറിയിച്ചിരുന്നു. പിന്നീട് മോർ ജങ്ഷൻ - മൂപ്പിൽ കടവ് - കാഞ്ഞിരമറ്റം റോഡ് ഒഴികെ ബാക്കിയുള്ള റോഡുകൾ നന്നാക്കി. എന്നാൽ മഴക്കാലം ആരംഭിച്ചതോടെ റോഡിൽ ചെളിയും വെള്ളവും കെട്ടി നിന്ന് കുത്തിപ്പൊളിച്ച റോഡ് ഒരു വശം കൂടുതലായി താഴുകയുമാണ്.