മുതലക്കോടം: രാമായണത്തിലെ പോലെ ഇന്നലെ ജില്ലാ കായികമേളയിലും രാമ- ലക്ഷ്മണന്മാരായിരുന്നു താരങ്ങൾ. കുട്ടമ്പുഴ വാര്യത്ത് നിന്നെത്തിയ ഇരട്ടസഹോദരങ്ങളായ രാമനും ലക്ഷ്മണനും ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ഏവരെയും ഞെട്ടിച്ചത്. മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്ലസ് ടു വിദ്യാർഥികളായ ഇരുവരും ഒപ്പത്തിനൊപ്പം ഓടി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഉപജില്ലാ മത്സരത്തിൽ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്ത ഇവരിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. സംസ്ഥാന കായിമേളയിലും ഇരുവരും പങ്കെടുത്തിട്ടുണ്ട്. കൃഷിപ്പണിക്കാരനായ വാര്യം സ്വദേശി ചിന്നയ്യൻ അലങ്കാരത്തിന്റെയും നെല്ലിയുടെയും ഏഴു മക്കളിൽ ഇളയവരാണ് ഈ മിടുക്കന്മാർ. പി.ജെ. ബിജുമോനാണ് പരിശീലകൻ.