മുതലക്കോടം: ഈ വർഷത്തെ റവന്യൂ ജില്ലാ കായികമേളയിലെ വേഗമേറിയ താരമായത് ആൽബർട്ട് ജെയിംസ് പൗലോസ്. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. 11.5 സെക്കൻഡ് സമയമെടുത്താണ് സീനിയർ വിഭാഗം 100 മീറ്ററിൽ ആൽബർട്ട് ഒന്നാമതെത്തിയത്. ഉച്ചയ്ക്ക് ശേഷം നടന്ന സീനിയർ ആൺകുട്ടികളുടെ 4x400 റിലേ മത്സരത്തിൽ അടിമാലി ഉപജില്ലയ്ക്കായി ഒന്നാമതെത്തിയ ടീമിലും അംഗമായിരുന്നു. കഴിഞ്ഞ വർഷം 200, 400 മീറ്ററുകളിൽ ഒന്നാം സ്ഥാനവും 100 മീറ്ററിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ ദേശീയ സ്‌കൂൾ മീറ്റിൽ 4x400 മീറ്റർ റിലേയിൽ വെങ്കലം നേടിയിരുന്നു. അടിമാലി മില്ലുംപടി കുറ്റിയാനിയ്ക്കൽ ജയിംസ് പൗലോസിന്റെയും- ലയയുടെയും മകനാണ്. കൂലിപ്പണിയെടുത്താണ് അച്ഛൻ ജെയിംസ് മകനെ കായിക മത്സരങ്ങൾക്കയയ്ക്കുന്നത്. എ.സുനിൽ കുമാറാണ് പരിശീലകൻ. സീനിയർ പെൺകുട്ടികളുടെ വിഭാഗം 100 മീറ്ററിൽ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ ദേവിക മനോജ് വേഗമേറിയ താരമായി.