മുതലക്കോടം: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ രണ്ടാംദിനം പിന്നിടുമ്പോൾ 168 പോയിന്റുമായി ഓവറോൾ കിരീടത്തിൽ മുത്തമിടാനൊരുങ്ങി കട്ടപ്പന ഉപജില്ല കുതിക്കുന്നു. 102 പോയിന്റുമായി അടിമാലി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 63 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാമതും 36 പോയിന്റുമായി നെടുങ്കണ്ടം നാലാം സ്ഥാനത്തുമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള പീരുമേട് ഉപജില്ലയ്ക്ക് 32 പോയിന്റും ആറും ഏഴു സ്ഥാനങ്ങളിലുള്ള അറക്കുളം, മൂന്നാർ ഉപജില്ലകൾക്ക് യഥാക്രമം 15 ഉം നാലും പോയിന്റുകളുമാണുള്ളത്. സ്‌കൂൾ തലത്തിൽ 49 പോയിന്റുമായി കട്ടപ്പന ഉപജില്ലയിലെ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസാണ് ഒന്നാമത്. 41 പോയിന്റുമായി അടിമാലി ഉപജില്ലയിലെ എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 30 പോയിന്റുമായി തൊടുപുഴ ഉപജില്ലയിലെ മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുണ്ട്. മൂന്നു ദിവസമായി നടക്കുന്ന മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും.

മാറ്റിയ മത്സരങ്ങൾ ഇന്ന്

ആദ്യ ദിനം മഴമൂലം മാറ്റിയ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഷോട്ട്പുട്ട്, ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോ എന്നീ മത്സരങ്ങൾ ഇന്ന് മുതലക്കോടം എസ്.എച്ച്.ജി.എച്ച്.എസ് ഗ്രൗണ്ടിലും സെന്റ് ജോർജ് എച്ച്.എസ്.എസ് ഗ്രൗണ്ടിലുമായി നടക്കും. ഈ മത്സരങ്ങൾ 14 ലേയ്ക്കാണ് മാറ്റിയിരുന്നതെങ്കിലും സംസ്ഥാന കായികമേള 16 നു തുടങ്ങുന്ന സാഹചര്യത്തിൽ രണ്ടു ഗ്രൗണ്ടുകളിലായി ഇന്നു തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.