ചെറുതോണി: ജില്ലയിലെ അർഹരായ ആയിരക്കണണക്കിന് കർഷകർക്ക് ഡിസംബറിൽ നടക്കുന്ന മേളയിൽ പട്ടയം നൽകുമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യൂ വർഗീസ്,സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി യു ജോയി എന്നിവർ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കോളനികളിലെ കൃഷിക്കാർക്കും ഏലം കൃഷിക്കായി കുത്തക പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമിയിൽ ഏലം കൃഷി നശിക്കുകയും ഇവിടെ മറ്റ് കൃഷികളും മറ്റും ചെയ്തു വീട് വച്ച് താമസിക്കുകയും ചെയ്യുന്ന കർഷകർക്കും പട്ടയം നൽകുക,പാറ പുറംമ്പോക്കിലും പുൽമേടുകളിലും വർഷങ്ങളായി അധിവസിക്കുന്ന ആളുകൾക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നേതാക്കൾ നിവേദനം നൽകിയിരുന്നു. 1964ലെയും 93ലെയും ചട്ടങ്ങൾക്ക് വിധേയമായി നടക്കുന്ന പട്ടയമേളയിൽ അർഹരായവർക്കെല്ലാം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും കെ എസ് ഇ ബി പദ്ധതിക്കായി ഭൂമി ഒഴിപ്പിക്കപ്പെട്ട ജില്ലയിലെ കർഷകർക്ക് പട്ടയം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കോളനികളിൽ അധിവസിക്കുന്നവർക്കും ആദിവാസികൾക്കും അർഹരായവർക്കും പട്ടയം നൽകുമെന്നും കളക്ടർ അറിയിച്ചു. പട്ടയ നടപടികളെല്ലാം തന്നെ ഊർജ്ജിതപ്പെടുത്തിയതായും മറ്റ് ആവശ്യങ്ങൾഅനുഭാവപൂർവ്വം പരിഗണിക്കുമെന്നും കളക്ടർ നേതാക്കളെ അറിയിച്ചു.