canal

ഇടവെട്ടി: മലങ്കര ഡാമിൽ നിന്ന് രണ്ട് കൈവഴികളായി പോകുന്ന എം.വി.ഐ.പി കനാലിനെ പ്രദേശത്തെ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇടവെട്ടി ഭാഗത്തെത്തിയാൽ കാടേതാ ...കനാലേതാ എന്ന് തിരിച്ചറിയാനാത്ത സ്ഥിതിയാണ്. കനാലിനിരുവശവും നിറയെ കാടുപിടിച്ച അവസ്ഥയിലാണ്. കുളിക്കാനും കൃഷിയാവശ്യങ്ങൾക്കും മറ്റുമായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കനാലിൽ ഇഴചന്തുക്കളെ പേടിച്ച് ഇപ്പോൾ ഇറങ്ങാനാകാത്ത സ്ഥിതിയാണ്. കാട് നിറഞ്ഞതോടെ മാലിന്യം നിക്ഷപിക്കാനുള്ള ഒരിടമായി ചിലർ ഉപയോഗിച്ചുതുടങ്ങി.അതോടെ ഭൂരിഭാഗം പേരും ഇവിടം മാലിന്യം തള്ളാനുള്ള ഒരിടമാക്കി മാറ്റി. കുട്ടികളുടെ നാപ്കിനും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങളും കൊണ്ട് കനാൽ മൂടി. നിലവിൽ കനാലിലേക്ക് മലങ്കരയിൽ നിന്ന് വെള്ളം തുറന്നുവിടുന്നില്ല. ആകെ മഴവെള്ളം മാത്രമാണുള്ളത്. വേനൽകാലത്ത് വെള്ളം തുറന്നുവിടുമ്പോൾ കനാൽ പോകുന്ന താഴെ പ്രദേശങ്ങളിലടക്കം മാലിന്യം നിറയും.

കാട് വെട്ടൽ ഇപ്പോൾ 'തൊഴിലല്ല'

നേരത്തെ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയായിരുന്നു കനാലിൽ വളരുന്ന കാട് വെട്ടിയിരുന്നത്. എന്നാൽ കാടുവെട്ടൽ തൊഴിലുറപ്പ് ജോലിയിൽപ്പെടുത്താനാകില്ലെന്ന് ഉത്തരവിറങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

''പഴയപോലെ കാടുവെട്ടാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാനാകില്ല. അതുകൊണ്ട് തദ്ദേശസ്വയംഭരണവകുപ്പിന്റെ സഹകരണത്തോടെ ഈറ്റമുള വച്ചുപിടിപ്പിക്കുന്ന പദ്ധതിയിൽ പ്രദേശം ഉൾപ്പെടുത്താനാണ് തീരുമാനം. ഇതുവഴി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാടുവെട്ടി തെളിച്ച് മുള നടാനാകും. എസ്റ്റിമേറ്റ് തയ്യാറാക്കി എം.വി.ഐ.പിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. വൈകാതെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.
-ലത്തീഫ് മുഹമ്മദ് (ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്)