ഇടുക്കി : ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള പ്രധാന അദ്ധ്യാപകർക്കായി ഏകദിന ശിൽപശാല നടത്തി. തൊടുപുഴ ജില്ലാ ആശുപത്രി സെമിനാർ ഹാളിൽ നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുരേഷ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. മിനി മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി എം.ആർ., ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. രമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഓട്ടിസം, കുട്ടികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം, പഠന വൈകല്യം, ., കുട്ടികളിലെ വിഷാദ രോഗങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. അമൽ എബ്രഹാം, ഡോ. ബബിൻ.ജെ. തുറക്കൽ, ഡോ.സിറിയക്, ക്ലിനിക്കൽ സൈക്യാട്രിസ്റ്റ്മാരായ ആഷാ കുര്യൻ, ആൽബിൻ എൽദോസ് എന്നിവർ ക്ലാസ് നയിച്ചു. കുട്ടികളിൽ കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും മാനസിക പ്രശ്നങ്ങളും തടയുന്നതിനും ആത്മഹത്യയിലേക്ക് എത്തുന്ന സാഹചര്യം തടയാൻ കൃത്യസമയത്ത് ഇടപെടലുകൾ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. കുട്ടികളിലെ പ്രശ്നങ്ങൾ തുടക്കത്തിലെ കണ്ടെത്തുന്നതിനും അവയ്ക്ക് സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം വഴി പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനും തീരുമാനിച്ചു. ആവശ്യമെങ്കിൽ മന:ശാസ്ത്ര വിദഗ്ധന്റെ പരിശീലനവും സ്‌കൂളിൽ ലഭ്യമാക്കും. ഇതിനായി സ്‌കൂളിലെ അദ്ധ്യാപകർക്കും കൗൺസലർമാർക്കും പ്രത്യേകം പരിശീലനം നൽകും.