മുതലക്കോടം: റവന്യൂ ജില്ലാ കായികമേളയിലെ ശ്രീകുമാറിന്റെ നേട്ടത്തിന് ഇരട്ടിമധുരമുണ്ട്. ഇടമലക്കുടിയിൽ നിന്നെത്തിയ ശ്രീകുമാർ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിലാണ് ഒന്നാം സ്ഥാനം നേടിയത്. മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്. 100 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. എട്ടാം ക്ലാസിൽ സംസ്ഥാന സ്‌കൂൾ കായികമേളയിലും 100 മീറ്ററിൽ നാലാം സ്ഥാനം നേടിയിരുന്നു. നൂറടി കുടിയിലെ നീലൻ- തങ്കമണി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ പ്രളയത്തിൽ കുടിയിലേക്കുള്ള റോഡ് തകർന്നിരുന്നു. തുടർന്ന് ഓണ അവധിക്ക് പോലും ശ്രീകുമാറിന് വീട്ടിലേക്ക് പോകാനായില്ല. ബിജു മോനാണ് പരിശീലകൻ.