കട്ടപ്പന: റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ സ്‌നേഹ ജോളി ഹൈറേഞ്ചിന്റെ അഭിമാനമായി. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വിദ്യാർഥിനിയായ സ്‌നേഹ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
100 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 4x100 മീറ്റർ റിലെ എന്നിവയിലാണ് സ്‌നേഹ കരുത്ത് തെളിയിച്ചത്. മൂന്നാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന സ്‌നേഹയുടെ കഠിനാധ്വാനവും നിരന്തര പരിശീലനവുമാണ് ശക്തമായ പ്രകടനം കാഴ്ച വയ്ക്കാൻ വഴിയൊരുക്കിയത്. സ്‌കൂളിലെ മികവുറ്റ പരിശീലനവും വിജയത്തിൽ മുഖ്യഘടകമായി. ജിറ്റോ മാത്യുവാണ് പരിശീലകൻ.സ്പിന്റ് ഇനങ്ങൾക്കു പുറമെ ലോങ് ജംപിലും സ്‌നേഹയുടെ പ്രകടനം മുൻനിരയിലാണെങ്കിലും മൂന്ന് വ്യക്തിഗത ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ കഴിയൂ എന്നതിനാൽ ഉപജില്ലയിൽ ഇത്തവണ ലോങ് ജംപ് ഉപേക്ഷിച്ചിരുന്നു. ജില്ലാതലത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താനായത് ഇത്തവണത്തെ സംസ്ഥാന മേളയിൽ സമ്മാനം നേടാമെന്ന പ്രതീക്ഷക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഇരട്ടയാറിലെ കർഷക കുടുംബമായ മുളയാനിയിൽ ജോളി-ലിജോ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സ്‌നേഹ. സോന, സോബിൻ എന്നിവരാണ് സഹോദരങ്ങൾ. .