മുതലക്കോടം: ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കായികകിരീടം ഹൈറേഞ്ചിലേക്ക്. മൂന്നു നാൾ നീണ്ടു നിന്ന റവന്യൂ ജില്ലാ കായിക മേളയ്ക്ക് കൊടിയിറങ്ങിയപ്പോൾ കട്ടപ്പന ഉപജില്ല കായികകീരിടത്തിൽ മുത്തമിട്ടു. 10 വർഷത്തിനു ശേഷമാണ് ഓവറോൾ തൊടുപുഴയ്ക്ക് നഷ്ടമാകുന്നത്. 34 സ്വർണം, 35 വെള്ളി, 24 വെങ്കലം എന്നിവ നേടി 325 പോയിന്റുമായാണ് കട്ടപ്പന കിരീടം ചൂടിയത്. 209 പോയിന്റ് നേടിയ അടിമാലി ഉപജില്ലയാണ് റണ്ണേഴ്‌സ് അപ്പ്. 25 സ്വർണം, 17 വീതം വെള്ളി, വെങ്കലം മെഡലുകൾ അടിമാലിക്ക് ലഭിച്ചു. മുൻവർഷങ്ങളിലെ ചാമ്പ്യൻമാരായിരുന്ന തൊടുപുഴ 111 പോയിന്റുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് സ്വർണം, 16 വെള്ളി, 14 വെങ്കലം എന്നിവയാണ് തൊടുപുഴയ്ക്ക് ലഭിച്ചത്. 83 പോയിന്റുമായി നെടുങ്കണ്ടം നാലാം സ്ഥാനത്തും 54 പോയിന്റുമായി പീരുമേട് അഞ്ചാം സ്ഥാനത്തുമാണ്. ആറും ഏഴും സ്ഥാനങ്ങളിലുള്ള അറക്കുളം, മൂന്നാർ ഉപജില്ലകൾക്ക് യഥാക്രമം 22, 11 പോയിന്റുകൾ വീതം ലഭിച്ചു.

ഇരട്ടയാറിന് ഓവറോൾ, എൻ.ആർ സിറ്റി റണ്ണേഴ്സ്അപ്പ്

കട്ടപ്പന ഉപജില്ലയിലെ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് മേളയിലെ മികച്ച സ്‌കൂളിനുള്ള ഓവറോൾ കരസ്ഥമാക്കി. 16 സ്വർണം, 13 വെള്ളി, 14 വെങ്കലം എന്നിവയുമായി 133 പോയിന്റാണ് ഇരട്ടയാർ സ്‌കൂളിന് ലഭിച്ചത്. 16 സ്വർണം, എട്ട് വെള്ളി, ഏഴ് വെങ്കലം എന്നിവ നേടി 111 പോയിന്റുമായി അടിമാലി ഉപജില്ലയിലെ എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് റണ്ണേഴ്‌സ് അപ്പായി. ആറു വീതം സ്വർണം, വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടി 53 പോയിന്റുമായി തൊടുപുഴ ഉപജില്ലയിലെ മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ് മൂന്നാമതെത്തി.

ഇവർ വ്യക്തിഗത ചാമ്പ്യന്മാർ

വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ

ജെയ്ക് ഡാനി ടോം സബ്ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസിലെ അഭിഷേക് ജോൺ മാത്യുവാണ് ജൂനിയർ വിഭാഗം ആൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യൻ. ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി സ്‌നേഹാ ജോളി ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ചാമ്പ്യനായി. സ്പ്രിന്റ് ട്രിപ്പിൾ നേടിയ എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ ആൽബർട്ട് ജെയിംസ് പൗലോസാണ് സീനിയർ വിഭാഗം ആൺകുട്ടികളിലെ ചാമ്പ്യൻ. ട്രിപ്പിൾ സ്വർണവുമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ സൂസൻ തോമസ് സീനിയർ പെൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനായി.