ചെറുതോണി: പ്രളയം ബാക്കിവെച്ച ദുരിതങ്ങൾ താണ്ടി വെള്ളക്കയം കുതിരകല്ല് നിവാസികൾ. മഹാപ്രളയത്തിന് ഒന്നരവർഷം ആകുമ്പോഴും യാത്രാ സൗകര്യത്തിലെ പുനർനിർമ്മാണം ഇവിടെ ഇനിയും അകലെയാണ്. പെരിയാറ്റിൽ നിർമിച്ച ചപ്പാത്ത് 2018 ലെ പ്രളയക്കെടുതിയിൽ ഒലിച്ചുപോയതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയത്. ചെറുതോണി-അടിമാലി റോഡിൽ വെള്ളക്കയത്തുനിന്നും പെരിയാർ കടന്നാണ് മരിയാപുരം പഞ്ചായത്തിലുള്ളവർ അക്കരയ്ക്ക് കടന്നിരുന്നത്. കുടിയേറ്റ കാലം മുതൽ വേനൽക്കാലത്ത് ഇതുവഴിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. നിരവധി നിവേദനങ്ങൾക്കൊടുവിൽ ബ്ലോക്ക് പഞ്ചായത്ത്, ചപ്പാത്ത് നിർമിക്കാൻ തുക അനുവദിച്ചിച്ചിരുന്നു. ചപ്പാത്ത് നിർമിച്ചതിന് ശേഷം ഇരുകരയിലുമുള്ള നട്ടുകാരുടെ നേതൃത്വത്തിൽ പെരിയാറിന്റെ രണ്ടുകരകളിലും റോഡ് നിർമിച്ചതോട ഈ പ്രദേശത്തുള്ള ഇരുന്നുറോളം കുടുംബങ്ങളിൽപ്പെട്ട ആയിരത്തിലധികം ആളുകൾക്ക് എളുപ്പത്തിൽ ചെറുതോണയിലെത്താനായി. ചെറു വാഹനങ്ങളും മിനിലോറിയും കടന്നുവരാൻ തുടങ്ങിയതോടെ പ്രദേശവാസികളുടെ വീടു നിർമാണമുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു. കഴിഞ്ഞ പ്രളയക്കെടുതിയിൽ ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെതുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ചപ്പാത്ത് നശിക്കുകയായിരുന്നു. വെള്ളക്കയത്തുനിന്നുള്ള റോഡ് തകർതോടെ വാഹനങ്ങൾ കടന്നുപോകത്തിനാൽ കിലോമീറ്റർ ചുറ്റിയാണ് ഇപ്പേൾ പോകുന്നത്. വെള്ളക്കയം വഴി കമുകും തെങ്ങുമുപയോഗിച്ച് താൽകാലിക പാലം നിർമിച്ചതിനാൽ കാൽനടയാത്രക്കാർക്ക് കടന്നുപോകുന്നതിനു സാധിക്കുന്നുണ്ടെന്ന്മാത്രം.വാഴത്തോപ്പ് പഞ്ചായത്തും മരിയാപുരം പഞ്ചായത്തും തമ്മിൽ ഏറ്റവും എളുപ്പത്തിൽ ബന്ധപ്പെടുന്നതിനുള്ള വഴിയുമാണ് അടഞ്ഞത്.