തൊടുപുഴ: ദീർഘനാളായി തകർന്ന് തരിപ്പണമായി കിടക്കുന്ന കാഞ്ഞിരമറ്റം ജംഗ്ഷനിലെ റോഡുകൾ പി.ഡബ്ല്യു.ഡി നന്നാക്കി തുടങ്ങി. മോർജംഗ്ഷൻ മുതൽ കാഞ്ഞിരമറ്റം ജംഗ്ഷൻ വരെയാണ് അറ്റകുറ്റപണി നടത്തുന്നത്. നഗരത്തിലെ ഏറ്റവും തിരക്കുള്ള ഈ റോഡ് പൈപ്പിടാനായി വാട്ടർ അതോറിട്ടി കുത്തിപൊളിച്ചിട്ട് ഒരു വർഷത്തോളമായി. മറ്റിടങ്ങളിൽ പേരിനെങ്കിലും ടാറിംഗ് നടത്തിയെങ്കിലും ഇവിടേക്ക് ഇതുവരെ പി.ഡബ്ല്യു.ഡി തിരിഞ്ഞുനോക്കിയിട്ടില്ലായിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ അറ്റകുറ്റപണിക്ക് തടസമുണ്ടെന്നായിരുന്നു പി.ഡബ്ല്യു.ഡി നിലപാട്. പെരുമാറ്റചട്ടം കഴിഞ്ഞതോടെ മഴ മാറട്ടെയെന്നായി. ഓരോ ദിവസം കഴിയുന്തോറും റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി മാറി. ഇതിനിടെ വെയിറ്റിംഗ് ഷെഡിന്റെ പണി പി.‌ഡബ്ല്യു.ഡി നിർമാണ വിഭാഗം പൂർത്തീകരിച്ചു. വിവിധ രാഷ്ട്രീയപാർട്ടികളടക്കം പ്രതിഷേധം കനപ്പിച്ചതോടെ മറ്റ് മാർഗങ്ങളില്ലാതെ പി.ഡബ്ല്യു.ഡി റോഡ് അറ്റകുറ്റപണി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. റോഡിന്റെ നിർമാണത്തിന് 30 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡ് ലെവലാക്കി വെറ്റ് മിക്സിംഗ് പാകുന്ന ജോലിയാണ് ഇന്നലെ നടന്നത്. രണ്ട് ദിവസം മഴ മാറി നിന്നാൽ ടാറിംഗ് ചെയ്യുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.


മറ്റ് റോഡുകളും നന്നാക്കും

''നഗരത്തിലെ തകർന്ന മറ്റ് റോഡുകളും ഇതിന് പിന്നാലെ നന്നാക്കും. പൈപ്പടലിന് ശേഷം ടാർ ചെയ്തപ്പോൾ ഒരു ഭാഗം ഇടിഞ്ഞുപോയ മാർക്കറ്റ് റോഡും കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ റോഡുകളും ടാർ ചെയ്യും. കോതായിക്കുന്ന് ബൈപ്പാസിലും ചുങ്കം മുതൽ നെൽക്കോസ് ജംഗ്ഷൻ വരെയുള്ള ഭാഗത്തും വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ ജോലി കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞാലുടൻ അറ്റകുറ്റപണി ആരംഭിക്കാനാകും"

- നൗഫൽ (എ.ഇ, പി.ഡബ്ല്യു.ഡി)