അടിമാലി: എക്‌സൈസ് വകുപ്പിന്റെയും ലഹരി വർജ്ജന മിഷൻ വിമുക്തിയുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന 'നാളത്തെ കേരളം, ലഹരിമുക്ത നവകേരളം' തീവ്രയത്‌ന ബോധവത്കരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 17ന് അടിമാലിയിൽ നടക്കും. രാവിലെ 10.30ന് അടിമാലി അമ്പലപ്പടി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക റാലിയോടെ തീവ്രയത്‌ന ബോധവത്കരണ പരിപാടിക്ക് തുടക്കമാകും. 12ന് അടിമാലി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി എംഎം മണി ഉദ്ഘാടനം ചയ്യും. എസ് രാജേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഇഎസ് ബിജിമോൾ എംഎൽഎ ലഹരി വിരുദ്ധസന്ദേശം നൽകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ വിമുക്തി മാനേജർ മുഹമ്മദ് ന്യുമാൻ പദ്ധതി വിശദീകരിക്കും. എംഎൽഎ മാരായ പിജെ ജോസഫ് ,റോഷി അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും. ജില്ലാകലക്ടർ എച്ച് ദിനേശൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, ത്രിതലപഞ്ചായത്തംഗങ്ങൾ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പാരിപാടിയോടനുബന്ധിച്ച് ഗാനമേള, ഓട്ടൻ തുള്ളൽ, നാടൻപാട്ട്, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.