anmaria
ജില്ലാതല ശിശുദിനാഘോഷത്തിലെ പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആൻമരിയ ബിജു ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: ജില്ലാതല ശിശുദിനാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ പ്രധാന മന്ത്രി ആൻമരിയ ബിജു ശിശുദിനറാലിക്ക് നേതൃത്വം നൽകി. വാഴത്തോപ്പ് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ ജില്ലാകലക്ടർ എച്ച്. ദിനേശൻ പതാക ഉയർത്തി ജില്ലാതല ശിശുദിനാഘോഷങ്ങൾക്ക് തുടക്കമിട്ടു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. തുടർന്ന് നടന്ന ശിശുദിന റാലി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ചെറുതോണി ചുറ്റി തിരികെ എച്ച്.ആർ.സി ഹാളിൽ അവസാനിച്ചു. ചാച്ചാ നെഹ്രുവിന്റെ ജൻദിനാശംസകൾ നേർന്നും സമകാലിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെച്ചുമുള്ള സന്ദേശകാർഡുകളും റാലിയിൽ നിരന്നു.
കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് യു.പി സ്‌കൂൾ വിദ്യാർത്ഥിനി റിയ ജെയിംസ് അദ്ധ്യക്ഷതയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആൻമരിയ ബിജു യോഗം ഉദ്ഘാടനം ചെയ്തു. നിഷ സുനിൽ ആശംസയും ജുവാൻ ജിയോ സ്വാഗതവും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും പൊതുസമ്മേളനത്തിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് , വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം പി.എസ് സുരേഷ്, ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ ജനാർദ്ദനൻ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ എം.ആർ രഞ്ജിത്, പി.കെ രാജു, വാഴത്തോപ്പ് ഗവ. ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകൻ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.