തൊടുപുഴ: പാരമ്പര്യത്തിന്റേയും പഴമയുടേയും തനിമപേറിയിരുന്ന തൊടുപുഴയിലെ കാളവയൽ വളർത്തുമൃഗപക്ഷിചന്ത എന്ന പേരിൽ പുനർജന്മമായി. തൊടുപുഴ - വെങ്ങല്ലൂർ - മങ്ങാട്ടുകവല നാലുവരിപ്പാതയിലാണ് കാഡ്സിന്റെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് മാർക്കറ്റ് ആരംഭിച്ചത്. ഉദ്ഘാടനദിവസത്തിൽതന്നെ നൂറുകണക്കിനാളുകൾ വളർത്തുമൃഗങ്ങളും പക്ഷികളുമായി ചന്തയിൽ എത്തിച്ചേർന്നു. പോത്ത്, എരുമ, ആട്, കിടാരികൾ, പോത്തിൻകിടാക്കൾ തുടങ്ങിയവയാണ് പ്രധാനമായും വിൽപ്പനയ്‌ക്കെത്തിയത്. എല്ലാ വ്യാഴാഴ്ചയും രാവിലെ 6 മണിമുതൽ 10 വരെയാണ് ചന്ത നടക്കുന്നത്.വളർത്തുമൃഗ പക്ഷിചന്തയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു. ഒരു കറവ ആടിനേയും അദ്ദേഹം വിലയ്ക്കുവാങ്ങി. യോഗത്തിൽ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ജേക്കബ്ബ്, മുനിസിപ്പൽ കൗൺസിലർ രാജീവ് പുഷ്പാംഗതൻ, എം,സി. മാത്യു, ട്രാക് സെക്രട്ടറി സണ്ണി തെക്കേക്കര, ഡയറക്ടർമാരായ ജേക്കബ്ബ് മാത്യു, അലോഷി ജോസഫ്, എം.ഡി. ഗോപിനാഥൻ നായർ, ഷീന അലോഷി, കെ.എം. മത്തച്ചൻ, കെ.എം. ജോസ് എന്നിവർ പ്രസംഗിച്ചു.