കട്ടപ്പന: കേരള ബാങ്ക് രൂപീകരണം സഹകരണ മേഖലയുടെ കരുത്തു വർദ്ധിപ്പിക്കുമെന്നും അത് പ്രാവർത്തികമാകുന്നതോടെ കേരളം എല്ലാ മേഖലയിലും അതിശയകരമായ വളർച്ച കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ബാങ്കുകളും സഹകരണ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ നിലവിലുള്ള ശാഖകളും ജീവനക്കാരും അതിന്റെ ശാഖകളും ജീവനക്കാരുമായി മാറും. ആരംഭ ഘട്ടം കഴിഞ്ഞാൽ പ്രത്യേക അനുമതികൾ കൂടി ലഭ്യമാകുന്നതോടെ വിദേശത്തു നിന്നു പോലും പണം കേരള ബാങ്കിലേക്ക് നിക്ഷേപിക്കാവുന്നതും കേരളത്തിലെ ശാഖകളിലൂടെ പിൻവലിക്കാവുന്നതുമായ സംവിധാനം ഉണ്ടാകും. ഇത് പ്രവാസി മലയാളികൾക്കും കേരളത്തിനും വലിയ രീതിയിൽ പ്രയോജനപ്പെടും. കാർഷികമേഖലയുടെയും ഇതര ചെറുകിട മേഖലകളുടെയും വളർച്ചയ്ക്ക് സഹകരണ മേഖല വലിയ പങ്കാളിത്തം വഹിക്കുന്നുണ്ട്. കർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കോൾഡ് സ്റ്റോറേജ് സൗകര്യം പോലുള്ളവ സഹകരണ സംഘങ്ങൾ സജ്ജീകരിക്കുന്നത് ഗുണപ്രദമാകും. സഹകരണ മേഖലയുടെ കരുത്തിനെ ബാധിക്കുന്ന കാര്യങ്ങൾക്കെതിരെ സഹകാരികൾ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ വാരാഘോഷ ജില്ലാതല പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ എ, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ എം.എൽ.എ അഡ്വ. ഇ.എം. ആഗസ്തി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും സെക്രട്ടറി ടി. പത്മകുമാർ നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ പതാക ഉയർത്തി.