തൊടുപുഴ: പെരുമ്പാവൂരിന് സമീപം വല്ലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പ്രമുഖ പണ്ഡിതനും പല്ലാരിമംഗലം ദാറുൽ ഇസ് ലാം ജമാഅത്ത് ചീഫ് ഇമാമുമായ ഉടുമ്പന്നൂർ കണക്കഞ്ചേരിൽ സബൈർ മൗലവി (52) മരണമടഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് നിന്നും നാട്ടിലേക്ക് വരുകയായിരുന്ന സുബൈർ മൗലവിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിൽ പെരുമ്പാവൂരിൽ നിന്നും നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻ സീറ്റിലിരുന്ന സുബൈർ മൗലവിയെ തലക്കേറ്റ ഗുരുതര പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന ഇസ്മയിൽ അഹ്സനി പേഴക്കാപ്പള്ളി, ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാം ബാഖവി പെരുമ്പാവൂർ എന്നിവർക്കും പരിക്കേറ്റു. സുബൈർ മൗലവിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജുമാ മസ്ജിദിൽ എത്തിച്ചു. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിൽ നിരവധി പണ്ഡിതർ ഉൾപ്പെടെ നൂറു കണക്കിനാളുകൾ പങ്കെടുത്തു. പിന്നീട് ഉടുമ്പന്നൂർ മുഹ് യിദ്ദീൻ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കി. മുവാറ്റുപുഴ മുളവൂർ മാഞ്ഞാക്കൽ പരീത് മൗലവിയുടെ മകൾ ഐഷയാണ് ഭാര്യ.മുഹമ്മദ് സാജിദ്(എസ് ഫോർ ഹബ്ബ് മൊബൈൽസ്, തൊടുപുഴ),മുഹമ്മദ് സാലിഹ്,മുഹമ്മദ് സാബിത്,മുഹമ്മദ് സാബിർ എന്നിവർ മക്കളാണ്.