കട്ടപ്പന : അഖിലേന്ത്യ സഹകരണ വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കട്ടപ്പനയിൽ നടന്ന സഹകരണ ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കട്ടപ്പന സെന്റ് ജോർജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി. മയിലാട്ടം, കുംഭകുടം, കരകാട്ടം, കാവടി,ബാന്റമേളം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രക്ക് ദൃശ്യ മികവേകി. ജില്ലാ, സഹകരണ ബാങ്കുകൾ, വിവിധ സഹകരണ സ്ഥാപനങ്ങൾ, സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, ഉദ്യോഗസ്ഥർ സഹകാരികൾ തുടങ്ങിയവർ യൂണിഫോംധാരികളായി ഘോഷയാത്രയിൽ പങ്കെടുത്തു. ടൗൺ ചുറ്റി നടന്ന ഘോഷയാത്ര കട്ടപ്പന മിനിസ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് മിനിസ്റ്റേഡിയത്തിൽനടന്ന പൊതുസമ്മേളനം സഹകരണ മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ ആകെ സഹകരണ നിക്ഷേപത്തിന്റെ 50 ശതമാനം കേരളത്തിൽ നിന്നുള്ളതാണ്.ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണെന്ന് മന്ത്രി പറഞ്ഞു.
മഹാപ്രളയത്തിന് ശേഷം വീട് നഷ്ട്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി സഹകരണസംഘങ്ങൾ മഖേന
4000 ത്തോളം വീടുകൾ നിർമ്മിക്കുന്നതിൽ 2156 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിച്ചു.
യോഗത്തിന് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലും ഇന്ത്യയിലും സഹകരണ പ്രസ്ഥാനം നിസ്തുലമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും എല്ലാവിധ പ്രതിബന്ധങ്ങളെയും നേരിട്ടു കൊണ്ടാണ് ഈ മന്നേറ്റമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.ഡീൻ കുര്യാക്കോസ് എം. പി, .റോഷി അഗസ്റ്റിൻ എം എൽ എ, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ഡയറക്ടർ പി.എൻ.വിജയൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ.പി.കെ.ജയശ്രീ, ഇടുക്കി ജോയിന്റ് രജിസ്ട്രാർ എസ്. ഷേർലി, ജില്ലാഡെപ്യൂട്ടി രജിസ്ട്രാർ സരേഷ് കുമാർ, ഇടുക്കി ജോയിന്റ് ഡയറക്ടർ കെ.എസ്.കുഞ്ഞുമുഹമ്മദ്, അർബൻ ബാങ്ക് പ്രസിഡന്റ് എം.എൻ.ഗോപി,സഹകരണ പെൻഷൻ ബോർഡംഗം എം.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.