മൂലമറ്റം: പൂച്ചപ്ര ഇഞ്ചപ്ലാക്കൽ ബാലകൃഷ്ണന്റെ പുകപ്പുര കത്തിനശിച്ചു.ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവവം. റബ്ബർ ഷീറ്റ് ഉണക്കാൻ ഇട്ട ശേഷം ബാലകൃഷ്ണൻ വീട്ടിലേക്ക് പോയ സമയത്താണ് പുകപ്പുര കത്തിയത്. ഉണക്കാൻ ഇട്ടിരുന്ന 150 ഓളം റബ്ബർ ഷീറ്റ്, സമീപത്ത് അടുക്കി വച്ചിരുന്ന മര ഉരുപ്പടികൾ, പുകപ്പുരയ്ക്ക് സമീപമുണ്ടായിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന വാർപ്പ്, ഉരളി, വിറകുപുരയിൽ കിടന്നിരുന്ന ഇരുന്നൂറോളം തേങ്ങ എന്നിവയും കത്തിനശിച്ചു. തീ പടർന്നതോടെ സമീപത്തേക്ക് അടുക്കുവാൻ സാധിക്കാതെ വന്നു. മൂലമറ്റത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാ സേനയുടെ വാഹനങ്ങൾ എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ എളുപ്പത്തിൽ സംഭവ സ്ഥലത്തേക്ക് എത്തുവാൻ സാധിച്ചില്ല. അഗ്നി രക്ഷാ സേന എത്തിയപ്പോഴേക്കും തീ പരമാവധി പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.കാഞ്ഞാർ പൊലീസും സ്ഥലത്തെത്തിയിരുന്നു.