തൊടുപുഴ: ഭൂമി അളന്നപ്പോൾ സ്ഥലം കുറഞ്ഞതിന് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറിയ വീട്ടമ്മയെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വെങ്ങല്ലൂരിനു സമീപം പ്ലാവിൻചുവട്ടിലായിരുന്നു സംഭവം. ഇവരുടെ പേരിലുള്ള ഭൂമി അളന്നപ്പോൾ ആകെയുള്ള ആറ് സെന്റിൽ ഒന്നര സെന്റോളം കുറവ് വന്നു. ഈ സ്ഥലം തിരികെ നൽകണമെന്നും മക്കൾക്ക് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മ അയൽവാസിയുടെ പുരയിടത്തിലെ തേക്കുമരത്തിൽ ഇരുപതടിയോളം ഉയരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പ്രദേശവാസികൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. എന്നാൽ ഫയർഫോഴ്‌സിന്റെ അനുരഞ്ജന നീക്കവും ഫലം കണ്ടില്ല. തഹസിൽദാർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്. തുടർന്ന് തഹസീൽദാരുമായി സംസാരിക്കാൻ താൻ ഫോണുമായി മരത്തിനു മുകളിലേക്ക് കയറി വരാമെന്ന് ലീഡിംഗ് ഫയർമാൻ ടി.വി. രാജൻ ഇവരെ അറിയിച്ചു. ഇത് വീട്ടമ്മ സമ്മതിച്ചു. മരത്തിനു മുകളിൽ കയറിയ ടി.വി. രാജൻ വീട്ടമ്മയുമായി മരത്തിനു മുകളിൽ സംസാരിച്ച് ഇവരെ സമാധാനിപ്പിച്ചു. താഴെയിറങ്ങി പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന അഭ്യർത്ഥന വീട്ടമ്മ അംഗീകരിച്ചു. മരത്തിൽ നിന്ന് വീഴാതെ ഇവരെ കയറുപയോഗിച്ച് ബന്ധിച്ചു. ഇതിനിടെ ഇവർ ആസ്തമ കൂടി. കൈയിൽ ഇൻഹീലർ കരുതിയിരുന്ന വലിച്ചതോടെ ഭേദമായി. പിന്നീട് കയറിൽ കെട്ടി വീട്ടമ്മയെ സുരക്ഷിതമായി താഴെയിറക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, ഫയർമാന്മാരായ പ്രശാന്ത്, ജിൻസ് മാത്യു, നൗഷാദ്, ബെന്നി, മുഹമ്മദ് കബീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.