കട്ടപ്പന: സഹകരണ വാരാഘോഷം ഉദ്ഘാടന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ സമീപത്തെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നു വീണത് പരിഭ്രാന്തി പരത്തി. അപകടത്തിൽ കട്ടപ്പന കോവേലിൽ തങ്കച്ചന് (60) പരിക്കേറ്റു. ഉദ്ഘാടന സമ്മേളനം നടന്ന വേദിക്ക് പുറത്തെ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച രജിസ്‌ട്രേഷൻ കൗണ്ടറാണ് തകർന്നുവീണത്. കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നു തങ്കച്ചൻ. ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് ടിൻഷീറ്റ് ഉയർത്തിമാറ്റി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ വിട്ടയച്ചു.