ഇടുക്കി : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത ഭക്ഷണ പരിശോധന നടത്താനും ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ കൂടിയ യോഗം തീരുമാനിച്ചു. നിലവിൽ മൂന്നാറിലും തേക്കടിയിലും 15 ടൂറിസംപൊലീസുകാരാണ് ഉള്ളത്. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്ന്യസിക്കും. വാഗമൺ, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലുള്ള ഔട്ട് പോസ്റ്റുകളിൽ ടൂറിസം പൊലീസിന്റെ മുഴുവൻ സമയ സേവനം ലഭ്യമാക്കും. പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഘട്ടം ഘട്ടമായി നിരീക്ഷണ കാമറ സ്ഥാപിക്കാനും തീരുമാനമായി.
കൂടുതൽ തിരിക്കുള്ള സമയങ്ങളിൽ സുരക്ഷിതമല്ലാത്ത ഭക്ഷണ വിതരണം, അനധികൃത സഫാരി, റൈഡ് എന്നിവ നിയന്ത്രിക്കുന്നതിന് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രജിസ്‌ട്രേഷൻ കർശനമാക്കും. വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ഉടൻ ആരംഭിക്കും. തിരിച്ചറിയൽ കാർഡില്ലാതെ സഞ്ചാരികളെ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമായികണക്കാക്കി നടപടി സ്വീകരിക്കും. വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണവും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിന് നിരോധനവും ഏർപ്പെടുത്താനും തീരുമാനിച്ചു. ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൺ് കൊച്ചുത്രേസ്യ പൗലോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിിപിസി സെക്രട്ടറി ജയൻ പി വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.എ ആന്റണി, ജിയോളജിസ്റ്റ് ഡോ.ബി അജയകുമാർ, സബ് ഇൻസ്‌പെക്ടർ റോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.