niravu
നിറവ് ഗോത്രകലോത്സവത്തിന് തുടക്കം കുറിച്ച് കുമളിയിൽ നടന്ന വിളംബര റാലി

കുമളി : സംസ്ഥാനത്തെ ആദിവാസി കലാകാരൻമാരുടെ കലാ സാംസ്‌കാരിക കഴിവുകളെ കോർത്തിണക്കി കൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും യുവജന കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തിൽ കുമളിയിൽ സംഘടിപ്പിക്കുന്ന 'നിറവ്' ഗോത്രകലോത്സവത്തിന് തുടക്കം കുറിച്ച് വിളംബര റാലി നടന്നു. കുമളി ഗവ. ട്രൈബൽ യു.പി സ്‌കൂളിനു സമീപത്തു നിന്നും ആരംഭിച്ച വിളംബര റാലി കുമളി ഗ്രാമപഞ്ചായത്തംഗം പി.ബിജു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.തിലകൻ, ഇ.ജി സത്യൻ, അഴുത ബ്ലോക്ക് പഞ്ചായത്തംഗം കെ.എ.അബ്ദുൾ റസാഖ്, എം.എസ്.തങ്കപ്പൻ, ചന്ദ്രൻകുട്ടി, സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. പളിയക്കുടി, മന്നാക്കുടി ഊരുകളിൽ നിന്നുള്ളവർ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത റാലി കുമളിയിൽ സമാപിച്ചു. ഇന്ന് രാവിലെ 10ന് കുമളി ഹോളിഡേ ഹോമിൽ നിറവ് ഗോത്ര സാംസ്‌കാരികോത്സവ സമ്മേളനം കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനായിരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ സ്വാഗതം ആശംസിക്കും. സംസ്ഥാന യുവജനകമ്മീഷൻ ചെയർമാൻ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും. 11.30ന് 'ആദിവാസി വികസനം സമീപനങ്ങളും സാദ്ധ്യതകളും' എന്ന വിഷയത്തിൽ സെമിനാർ ഇ.എസ് ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലയാളം സർവ്വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ സൂസൻ ഐസക് വിഷയാവതരണം നടത്തും. തുടർന്ന് സംസ്ഥാനത്തെ വിവിധ ട്രൈബൽ ലൈബ്രറികളിലെ കലാകാരൻമാർ ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കും. 17ന് രാവിലെ ഒമ്പതു മണിക്ക് ട്രൈബൽ ലൈബ്രറികളുടെ പ്രവർത്തനവും പരിപാടികളും എന്ന വിഷയത്തിൽ ഡോ. പി.കെ ഗോപൻ സെമിനാർ അവതരിപ്പിക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ കെ.എ അബ്ദുൾ റസാഖ് നന്ദിയും പറയും.