തൊടുപുഴ: നഗരത്തിൽ കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മോർ ജംഗ്ഷനിലെ ഗതാഗത സംവിധാനങ്ങൾ പുനക്രമീകരിക്കാൻ ഇന്നലെ ചേർന്ന ഗതാഗത ക്രമീകരണ സമിതി തീരുമാനിച്ചു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നഗരസഭാ ചെയർപേഴ്സൻ ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിലാണ് യോഗം വിളിച്ചു ചേർത്തത്. മോർജംഗ്ഷനിലും വെങ്ങല്ലൂർ സിഗ്നൽ ജ്ംഗ്ഷനിലമുള്ള ബസ് സ്‌റ്റോപ്പുകൾ പുന ക്രമീകരിക്കുന്നതിനു തീരമാനമെടുത്തു. ജംഗ്ഷനുകളിൽ നിന്നും മാറി യാത്രക്കാർക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയായിരിക്കും ബസ് സ്റ്റോപ്പുകളുടെ പുനക്രമീകരണം. മോർ ജംഗ്ഷനിൽ നിന്നും മൂപ്പിൽ കടവ് പാലം വരെ റോഡ് വീതി കൂട്ടുന്നതിനുള്ള ക്രമീകരണം ചെയ്യും
ഗാന്ധി സ്‌ക്വയറിൽ നിന്നും മാർക്കറ്റ് റോഡു വഴി കോതായിക്കുന്നിലേക്ക് വാഹനങ്ങൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തും. മുനിസിപ്പിൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നതും പാർക്ക് ചെയ്യുന്നതും നിരോധിക്കും. നഗരത്തിൽ പാർക്കിംഗ് നിരോധനമുള്ള ഇടങ്ങളിലെ അനധികൃത പാർക്കിംഗും തടയും. പ്രധാനമായും ജില്ലാ ആശുപത്രി റോഡ്, അമ്പലം റോഡ്, റെസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിലെ പാർക്കിംഗ് പൂർണമായും നിരോധിക്കും. എന്നാൽ ഏറെ പരാതിയുള്ള ടൗണിലെ ഓട്ടോ സ്റ്റാൻഡുകളെ സംബന്ധിച്ച് കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല. . പുതിയ നിർദേശങ്ങൾ ഇനിയും ഉയർന്നു വന്നാൽ പരിഗണിക്കുമെന്നും ജെസി ആന്റണി പറഞ്ഞു. ഗതാഗത ക്രമീകരണ കമ്മിറ്റിയംഗങ്ങളായ ജോയിന്റ് ആർടിഒ എൻ.ശങ്കരൻപോറ്റി, സിഐ സജീവ് ചെറിയാൻ, ഡപ്യൂട്ടി തഹസീൽദാർ ജയകുമാർ , പിഡബ്ല്യുഡി അസി.എക്സിക്യുട്ടീവ് എൻജിനിയർ കെ.എസ്.ഷാലി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
റോഡിനിരുവശവും അനധികൃത കൈയേറ്റമുണ്ടെങ്കിൽ ഏറ്റെടുക്കാൻ പിഡബ്ല്യുഡിയ്ക്കു നിർദേശം നൽകി.
ഇവിടെയുള്ള ട്രാഫിക് ഡിവൈഡറിന്റെ നീളം കുറച്ച് ഗതാഗതം സുഗമമാക്കും.
വാഹനങ്ങൾ തിരിയാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കും
സ്‌കൂളുകളും മറ്റുമുള്ള മേഖലകളിൽ റോഡിൽ സീബ്രാലൈനുകൾ വരയ്ക്കും.
മാഞ്ഞു തുടങ്ങിയ സീബ്രാ ലൈനുകൾ തെളിയ്ക്കും.
കാഴ്ച മറയ്ക്കുന്ന പരസ്യ ബോർഡുകൾ പൂർണമായും നീക്കം ചെയ്യും
തീരുമാനങ്ങൾ ഒരു മാസത്തിനകം നടപ്പിലാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്
ജെസി ആന്റണി
മുൻസിപ്പൽ ചെയർപേഴ്സൺ പറഞ്ഞു