kochuthrassya
അടമാലിയിൽ ആരംഭിച്ച ബ്ളോക്ക് കേരളോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി : രണ്ടു ദിവസങ്ങളായി നടക്കുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് അടിമാലി സർക്കാർ ഹൈസ്‌കൂളിൽ തുടക്കമായി. കേരള സംസ്ഥാന യുവജന ബോർഡും അടിമാലി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കേരളോത്സവം 2019 ന്റെ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു. കേരളോത്സവ വേദികളിൽ കലാ മത്സരങ്ങൾ കുറഞ്ഞു വരുന്നതായും ഗെയിംസിന് കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതായും പ്രസിഡന്റ് പറഞ്ഞു.വരും വർഷങ്ങളിൽ കലാകായിക മത്സരങ്ങൾക്ക് ഒരു പോലെ പ്രാധാന്യം ലഭിക്കത്തക്ക രീതിയിൽ കേരളോത്സവങ്ങൾ സംഘടിപ്പിക്കാൻ തൃതല പഞ്ചായത്തുകൾ ശ്രമിക്കണമെന്നും കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. ആദ്യ ദിനത്തിൽ ഷട്ടിൽ ബാഡ്മിന്റൺ,ഫുട്‌ബോൾ മത്സരങ്ങൾ നടന്നു.രണ്ടാം ദിനമായ ഇന്ന് ( 17.11.2019) വോളബോൾ, ക്രിക്കറ്റ്, കബഡി, വടംവലി മത്സരങ്ങൾ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ന്നത്തടി,വെള്ളത്തൂവൽ,ബൈസൺവാലി,പള്ളിവാസൽ,അടിമാലി ഗ്രാമപഞ്ചായത്തുകളിലെ താമസക്കാരായ യുവതി യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. വിപുലമായ വിളമ്പര ഘോഷയാത്രയുടെ അകമ്പടയോടെയാണ് കേരളോത്സവത്തിന് തുടക്കംക്കുറിച്ചത്.ഉദ്ഘാടന സമ്മേളനത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അധ്യക്ഷത വഹിച്ചു.ടെലിവിഷൻ താരം രാജേഷ് അടിമാലി മുഖ്യാതിഥിയായിരുന്നു. സാഹിത്യക്കാരൻ ജോസ് കോനാഡ്,ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളിപീറ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദീപാ രാജീവ് ,ജോർജ് ജോസഫ്, തുളസിഭായി കൃഷ്ണൻ, മേഴ്സി തോമസ്, ബിഡിഒ പ്രവീൺ വാസു,ജനപ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.