തൊടുപുഴ: നഗരസഭാ പാർക്കിന്റെ നവീകരണത്തിനായി കൗൺസിൽ 40 ലക്ഷം രൂപ അനുവദിച്ചു. 2017- 18 വർഷത്തിലെ പെർഫോർമൻസ് ഗ്രാന്റിലെ ഷോർട്ട്ഫാൾ തുകയായി സർക്കാർ അനുവദിച്ച 71.29 ലക്ഷം രൂപയിൽ നിന്നാണ് ഈ തുക വകയിരുത്തിയത്. നഗരസഭാ പാർക്കിന്റെ ശോച്യാവസ്ഥയെപ്പറ്റി നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് മുൻവർഷത്തെ പെർഫോർമൻസ് തുക അനുവദിച്ചത്. ഇതിൽ നിന്ന് നല്ലൊരു ഭാഗം പാർക്കിന്റെ നവീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാർ ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ വകയിരുത്തണമെന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ വെയിറ്റിംഗ് ഷെഡ് അടക്കമുള്ള മറ്റ് പ്രധാന ആവശ്യങ്ങൾക്ക് പണം അനുവദിക്കേണ്ടതിനാൽ 40 ലക്ഷം രൂപയായി നിജപ്പെടുത്തുകയായിരുന്നു. പാർക്കിന്റെ ആധുനിക രീതിയിലുള്ള നിർമാണത്തിനായുള്ള സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്. രൂപരേഖ തയ്യാറാക്കാൻ സർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കും. ഈമാസമാവസാനം രൂപരേഖ തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷ.

പാർക്ക് അടിമുടി മാറും

'' നരസഭാ പാർക്കിന്റെ മുഖച്ഛായ തന്നെ മാറ്റാനാണ് നഗരസഭയുടെ ഉദ്ദേശം. പൂർണമായും ആധുനികവത്കരിക്കും. നിലവിലെ കേടായ കളിയുപകരണങ്ങളെല്ലാം നന്നാക്കും. പുതിയ കളിയുപകരണങ്ങൾ വാങ്ങും. ആക്ഷേപമുയർന്ന ഇലക്ട്രിഫിക്കേഷൻ പ്രശ്നങ്ങൾ പരിഹരിക്കും. ""

പ്രൊഫ. ജെസി ആന്റണി

(നഗരസഭാ ചെയർപേഴ്സൺ)

തുക അനുവദിച്ച മറ്റ് പദ്ധതികൾ

 വെങ്ങല്ലൂർ, മൂപ്പിൽക്കടവ് എന്നിവിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രം- 10 ലക്ഷം

 മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട് സ്റ്റേഷൻ- ആറ് ലക്ഷം

 മണക്കാട് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ്- മൂന്ന് ലക്ഷം

 അഞ്ചപ്ര വനിതാ വികസന കേന്ദ്രം പൂർത്തീകരണം- നാല് ലക്ഷം

 വിവിധ സ്ഥാപനങ്ങളിലെ വൈദ്യതീകരണ ജോലികൾ- 6.15 ലക്ഷം