നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ ദാനവും ഐ.എസ്.ഒ പ്രഖ്യാപനവും മന്ത്രി എം.എം. മണി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ നവീകരിച്ച ഓഫീസ് ക്യാബിനുകൾ ഉദ്ഘാടനം ചെയ്തു. നവീകരിച്ച പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർക്ക് പ്രത്യേക ക്യാബിനുകൾ, കോൺഫറൻസ് ഹാൾ, ഓഫീസിൽ എത്തുന്നവർക്ക് വിശ്രമ സൗകര്യം, കുടിവെള്ളം, ടൊയ്‌ലെറ്റ്, രേഖകളുടെ കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിലൂടെ 200 വീടുകളാണ് പൂർത്തീകരിച്ചത്. ഇവ പരിഗണിച്ചാണ് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മോളി മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ കുഞ്ഞുമോൻ, പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.