തെരുവ് നായ ആക്രമണം തുടർക്കഥയാകുന്നു ചക്കുപള്ളത്ത് അഞ്ച് പേർക്ക്
കടിയേറ്റു
ഇടുക്കി: ജില്ലയിൽ തെരുവ് നായ ആക്രമണം തുടർക്കഥയായി മാറുന്നു. വെള്ളിയാഴ്ച കട്ടപ്പനയിൽ സ്ത്രീകളടക്കം 15 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റതിന് പിന്നാലെ ഇന്നലെ ചക്കുപള്ളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അഞ്ച് പേരെ നായ്ക്കൾ ആക്രമിച്ചു. ആറാംമൈൽ വെള്ളാകുന്നേൽ സാലമ്മ, വലിയപാറ സ്വദേശി പാലക്കൽ അലക്‌സ്, ഏലത്തോട്ടംപാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികളായ മുരുകൻ, കാർത്തിക്, സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. തമിഴ്‌നാട് സ്വദേശികളായ മൂവരും തമിഴ്‌നാട്ടിലെ ആശുപത്രികളിൽ ചികിത്സ തേടി. മറ്റ് രണ്ടുപേരിൽ ഒരാൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ഒരാൾ ഇരുപതേക്കറിലെ സർക്കാർ ആശുപത്രിയിലും ചികിത്സ തേടി. നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ ആക്രമണത്തിൽ കടിയേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു പേപ്പട്ടികൾ നാടിനെ ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ ദിവസമാണ് കട്ടപ്പന ടൗണിലെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. മാംസ മാർക്കറ്റിന് സമീപത്ത് കാൽനടക്കാരെ കടിച്ചു പരിക്കേൽപിച്ച നായ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ത്രീകളടക്കമുള്ള കാൽനടക്കാരെയും ആക്രമിച്ചു. പേപ്പട്ടിയാണെന്നു തിരിച്ചറിഞ്ഞു നാട്ടുകാർ ഉച്ചയോടെ തന്നെ നഗരത്തിൽ സംഘടിച്ചെങ്കിലും നായ രക്ഷപെട്ടു. തുടർന്ന് നഗരസഭാ അധികൃതർ മൈക്കിലൂടെ വിവരം പ്രദേശമാകെ അറിയിക്കുകയും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരുമെല്ലാം തെരച്ചിൽ നടത്തുകയും ചെയ്തു. പലയിടത്തും പേപ്പട്ടി പ്രത്യക്ഷപ്പെട്ടതറിഞ്ഞ് നഗരത്തിൽ തിരക്കൊഴിഞ്ഞു. ഒടുവിൽ ഇടശേരി ജംഗ്ഷനിൽ വച്ച് പേപ്പട്ടിയെ കണ്ടെത്തി തല്ലിക്കൊല്ലുകയായിരുന്നു.
തെരുവുകൾ നിറഞ്ഞ് നായ്ക്കൾ
പൊതുജനത്തിന് ഭീഷണിയായി പ്രധാന ടൗണുകളിലെല്ലാം തെരുവ് നായ്ക്കൾ അലഞ്ഞ് തിരിയുകയാണ്. നേരത്തെ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് നായ ആക്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ പട്ടപ്പകൽ പോലും കൂട്ടമായി ആക്രമിക്കുന്ന സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരെ ആക്രമിച്ച് അപകടത്തിൽപ്പെടുന്ന സംഭവം ഉണ്ടാകുന്നുണ്ട്. നായശല്യം കാരണം കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്.
കടി ചോദിച്ചു വാങ്ങുന്നു
ഹോട്ടൽ വേസ്റ്റും പൊതുസ്ഥലങ്ങളിൽ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളുമാണ് ഇവയുടെ പ്റധാന ഭക്ഷണം. നമ്മൾ വലിച്ചെറിയുന്ന ഭക്ഷണം കഴിച്ച് കൊഴുത്ത നായ്ക്കൾ പെറ്റ് പെരുകി തീറ്റ നൽകിയ കൈയ്ക്ക് കടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ മാലിന്യസംസ്കരണത്തിലൂടെ ഇവയ്ക്ക് സുഭിക്ഷമായി ജീവിക്കാനുള്ള സൗകര്യം ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
വന്ധ്യകരണം പട്ടി ചന്തയ്ക്ക് പോയ പോലെ
ആക്രമണം ഇത്രയധികം വർദ്ധിച്ചിട്ടും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിന് ജില്ലയിൽ പദ്ധതി ഇല്ല. മറ്റ് പല ജില്ലകളിലും അതത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അലഞ്ഞ് തിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി പ്രത്യേക ക്യാമ്പുകളിലെത്തിച്ച് മൃഗസംരക്ഷണവകുപ്പിന് സഹായത്തോടെ വന്ധീകരിക്കുകയാണ് ചെയ്യുന്നത്. കുടുംബശ്രീക്കാരുടെ സഹകരണത്തോടെ പല ജില്ലകളിലും ഇത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. മുമ്പ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ഇവിടെ ആവിഷ്കരിച്ചെങ്കിലും 'പട്ടി ചന്തയ്ക്ക് പോയത് പോലെ" ഒന്നും നടപ്പായില്ല.