കട്ടപ്പന: ജില്ലയിലെ ഭൂമി വിഷയങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ ഡിസംബർ ഒന്നു മുതൽ കട്ടപ്പനയിൽ അനിശ്ചിത കാല നിരാഹാര സമരം നടത്തും. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് പ്രധാന ആവശ്യം. ജില്ലയിലെ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 22ന് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവ് ജില്ലയിൽ ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ ഉത്തരവിനെ തുടർന്ന് സെപ്തംബർ 25ന് തദ്ദേശസ്വയംഭരണവകുപ്പ് ബിൽഡിംഗ് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിലൂടെ ജില്ലയിലെ നിർമാണമേഖല പാടെ നിശ്ചലമായിരിക്കുകയാണെന്നും റോഷി അഗസ്റ്റിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യൂവകുപ്പ് ആഗസ്റ്റ് 22ൽ ഇറക്കിയ റവന്യൂ ഉത്തരവ് തിരുത്തി ഒക്ടോബർ 14ന് ഭേദഗതി ഉത്തരവ് ഇറക്കിയപ്പോൾ പോലും ഇത്തരം അപാകതകൾ പരിഹരിച്ചില്ല. സർവകക്ഷിയോഗം വിളിച്ച് ജില്ലയുടെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. സർവകക്ഷി യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തുടർ സമരങ്ങളുമായി മുന്നോട്ടുപോകേണ്ടിവരുന്നതെന്നും എം.എൽ.എ പറഞ്ഞു. ജോസ് പാലത്തിനാൽ, ജിൻസൺ വർക്കി, മനോജ് എം.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.