തൊടുപുഴ: തുണി തയ്ച്ച് വിൽക്കുന്ന വീട്ടമ്മയിൽ നിന്ന് 80 നൈറ്റികളുമായി മുങ്ങിയ തുണിക്കച്ചവടക്കാരൻ പൊലീസ് പിടിയിലായി. എറണാകുളം ചൊവ്വര കാഞ്ഞൂർ കോഴിക്കോടൻ ഭാഗത്ത് വെള്ളിനേത്ത് വീട്ടിൽ മനോജിനെയാണ് (45) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടിക്കുളം സ്വദേശിയായ സ്ത്രീയിൽ നിന്നാണ് ഇയാൾ വസ്ത്രം കവർന്നത്. കുറച്ചുനാൾ മുമ്പാണ് ഇയാൾ സന്തോഷെന്നെ വ്യാജ പേരിൽ 80 നൈറ്റികൾ ഓർഡർ ചെയ്തത്. വെള്ളിയാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിന് സമീപത്ത് നൈറ്റികൾ എത്തിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. ആട്ടോറിക്ഷാക്കൂലി ഇയാൾ നൽകുമെന്നാണ് പറഞ്ഞത്. എന്നാൽ, ആട്ടോയിൽ നിന്ന് ഇയാളുടെ സ്‌കൂട്ടറിലേക്ക് നൈറ്റികൾ എടുത്തു വച്ചയുടനെ പൈസ നൽകാതെ വാഹനം ഓടിച്ചു പോവുകയായിരുന്നു. തടയാൻ ശ്രമിച്ച കോടിക്കുളം സ്വദേശിനിയുടെ കൈതട്ടി മാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടത്. എല്ലാം പെട്ടന്നായതിനാൽ സ്‌കൂട്ടറിന്റെ നമ്പർ നോക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങുന്നത്. തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇയാൾ മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്.