തൊടുപുഴ: അന്യരാജ്യങ്ങളിൽ നിന്ന് അനിയന്ത്രിതമായ ഇറക്കുമതി മൂലം വിലതകർച്ചയും, പ്രളയവും കാലാവസ്ഥാ വ്യതിയാനവും മൂലം കൃഷിനാശവും നേരിടുന്ന കുരുമുളക് കർഷകരെ രക്ഷിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ കൊച്ചിയിൽ ചേർന്ന സ്‌പൈസസ് ബോർഡ് യോഗം തീരുമാനിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കുരുമുളകിന്റെ വിലത്തകർച്ച പരിഹരിക്കാൻ അടിസ്ഥാന ഇറക്കുമതി വിലയിൽ വർദ്ധന വരുത്താനും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. ജില്ലയിൽ പൂട്ടിപ്പോയ സ്‌പൈസസ് ബോർഡിന്റെ ഓഫീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാനും പ്രളയത്തിൽ തകർന്ന സുഗന്ധ വൃജ്ഞന കൃഷികൾ പുനരുദ്ധരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.