ചിന്നക്കനാൽ: ചെമ്പകത്തൊഴുക്കുടിയിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. ശനിയാഴ്ച വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ പ്രദേശത്ത് പേമാരിക്ക് സമാനമായ മഴയാണ് പെയ്തത്. മൺതിട്ടയും കല്ലും ഇടിഞ്ഞുവീണ് ഒരു വീട് ഭാഗികമായി തകർന്നു. രാത്രി ഒമ്പതോടെയാണ് ആദിവാസിയായ ശിവന്റെ വീട് മണ്ണിടിച്ചിലിൽ തകർന്നത്. ശിവനും ഭാര്യ വീരലക്ഷ്മിയും മറ്റൊരു മുറിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂറ്റൻ കല്ലും മണ്ണും വീണ് ഭിത്തി പൂർണമായി തകർന്നു. ഒരു മുറി പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീടിന്റെ മറ്റ് ഭാഗങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മരുതുമുത്തുവിന്റെ കൃഷിയിടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വളർച്ചയെത്തിയ നൂറ് കുരുമുളക് ചെടികളും ഏലവും ഉൾപ്പെടെയുള്ള വിളകൾ നശിച്ചു. കനത്ത മഴയ്‌ക്കൊപ്പം കാട്ടാന ശല്യവും പ്രദേശത്ത് രൂക്ഷമായി. ആനകൾ ഏലം ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാനോ ആനകളെ ഓടിക്കുന്നതിനോ കഴിയാത്ത സാഹചര്യമാണ്.