അടിമാലി: പൂർണമായ മദ്യനിരോധനം പരാജയമാണെന്നും ലഹരിക്കെതിരെ പോരാടാൻ ബോധവത്ക്കരണമാണ് പ്രയോഗിക നടപടിയെന്നും മന്ത്രി എം.എം. മണി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വർജന മിഷന്റെയും ആഭിമുഖ്യത്തിൽ 'നാളത്തെ കേരളം, ലഹരി വിമുക്ത നവകേരളം" എന്ന സന്ദേശവുമായി 90 ദിവസത്തെ തീവ്ര ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടിമാലിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ നിരോധനങ്ങൾ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെയും യുവാക്കളെയും
ബോധവത്കരണത്തിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങൾ മനസിലാക്കിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിലും യുവാക്കളിലുമടക്കം മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് 90 ദിവസത്തെ ബോധവത്ക്കരണ പരിപാടി നടത്തുന്നത്. 2020 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന തീവ്ര ബോധവത്കരണ യജ്ഞത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ വിപുലമായ പരിപാടികൾ നടത്തും. സംസ്ഥാനമൊട്ടാകെ ജാഥകൾ, സൈക്ലത്തോൺ, വാക്കത്തോൺ, ബൈക്കത്തോൺ, കൂട്ടയോട്ടം, റാലികൾ, മനുഷ്യച്ചങ്ങല്ല എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ 40,075 കിലോമീറ്റർ ദൂരം പര്യടനം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി. പ്രദീപ് സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയരാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇടുക്കി വിമുക്തി ജില്ലാ മാനേജർ മുഹമ്മദ് ന്യൂമാൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവ്, വൈസ് പ്രസിഡന്റ് എം.പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.