blood-bank
ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം കാടുകയറി നശിച്ച നിലയിൽ.

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ബ്ലഡ്ബാങ്ക് കാടുകയറി 'ഫോറസ്റ്റായി". മെഡിക്കൽ കോളജിന്റെ ഓഫീസ് കെട്ടിടത്തിലാണ് ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പരിസരം കാടുകയറികിടക്കുന്നതിനാൽ പുറത്തേയ്ക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായതിനാൽ വലിയ മഴ പെയ്യുമ്പോൾ വെള്ളം കയറും. മുറിയും പരസരങ്ങളും പായൽ പിടിച്ച അവസ്ഥയിലാണ്. കളക്ടർ ചെയർമാനായുള്ള കമ്മിറ്റിയാണ് മെഡിക്കൽ കോളജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഫണ്ടും സൗകര്യങ്ങളുണ്ടായിട്ടും ബ്ലഡ് ബാങ്ക് മാറ്റി സ്ഥാപിക്കാത്തതിൽ ഡോക്ടർമാരും ജീവനക്കാരും രോഗികളും പ്രതിഷേധിച്ചു.

മാറ്റാനുള്ള തീരുമാനം നടപ്പായില്ല

നാലുമാസം മുമ്പ് കൂടിയ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ അടിയന്തരമായി ബ്ലഡ് ബാങ്ക് ആശുപത്രി കെട്ടിടത്തിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന് ഡോക്ടർമാരെയടക്കം ചുമതലപ്പെടുത്തുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു. ആവശ്യമായ ഫണ്ട് എച്ച്.എം.സിയിൽ നിന്ന് വിനിയോഗിക്കുന്നതിനും തീരുമാനിച്ചിരുന്നു. അടിയന്തരഘട്ടങ്ങളിൽ നടക്കുന്ന ഓപ്പറേഷനും മറ്റ് ആവശ്യങ്ങൾക്കും ബ്ലഡ്ബാങ്ക് ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്നും ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ബ്ലഡ് ബാങ്ക് മാറ്റിയിട്ടില്ല.