കത്തിക്കുന്നത് ഐ.സിയുവിൽ നിന്ന് വെറും 15അടി അകലത്തിൽ
ചെറുതോണി: സംസ്കരണ പ്ലാന്റില്ലാത്ത ഇടുക്കി മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ മോർച്ചറിയ്ക്ക് സമീപം കൂട്ടിയിട്ട് കത്തിക്കുന്നു. ആശുപത്രിയുടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്ന് വെറും 15അടി അകലത്തിലാണ് മാലിന്യങ്ങൾ പ്രാകൃതമായ രീതിയിൽ കൂട്ടിയിട്ട് കത്തിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഉറവിട മാലിന്യസംസ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം സർക്കാർ പഞ്ചായത്തുകൾ തോറും ജനങ്ങളെ ബോധവത്കരിക്കുമ്പോഴാണ് ഈ തോന്ന്യവാസം. കിണറിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് റിംഗുകൾ വട്ടത്തിൽ ഉയർത്തിവച്ച ശേഷം അതിലാണ് എല്ലാത്തരം മാലിന്യങ്ങളും ഇട്ട് കത്തിക്കുന്നത്. മാലിന്യങ്ങൾ കത്തുന്ന വായു കുട്ടികളുടെയടക്കം ജനറൽ വാർഡുകളിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഗർഭിണികളെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരെയുമാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗത്തെയും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരെയും ആശുപത്രി പരിസരത്ത് നിന്നുയരുന്ന മലിനവായു അസ്വസ്ഥമാക്കുന്നുണ്ട്. ആശുപത്രിയുടെ ഭാഗമായ പ്രധാന ക്യാന്റീനും കിടപ്പു രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്ന പാചകപ്പുരയും മാലിന്യം രാപകലില്ലാതെ കത്തിയെരിയുന്ന സ്ഥലത്തിന് സമീപത്താണ്. ലോൺട്രി ഗോഡൗണും ഇതിനടുത്താണ്. ഗുരുതരമായ ഈ പ്റശ്നത്തിൽ എത്രയും വേഗം ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
മാലിന്യനിർമാർജനം പഴങ്കഥ
മുമ്പ് വാഴത്തോപ്പ് പഞ്ചായത്തിന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രി മാലിന്യങ്ങൾ അതത് സമയങ്ങളിൽ നീക്കം ചെയ്തിരുന്നു. എന്നാൽ വർഷങ്ങളായി അത് നിലച്ചമട്ടാണ്. അതത് ദിവസങ്ങളിലെ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന വേസ്റ്റ് ബിന്നുകളും തുരുമ്പെടുത്ത് നശിച്ചു.