ചെറുതോണി: രോഗിയായ നിർദ്ധന യുവാവ് സുമനസുകളുടെ സഹായം തേടുന്നു.
വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിൽ പടിഞ്ഞാറ്റുമ്യാലിൽ ഷൈജു ചന്ദ്രനാണ് (38) സഹായം തേടുന്നത്. മൾട്ടിപ്പിൾ മൈലോമ എന്ന രോഗം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. ജീവൻ നിലനിറുത്തുന്നതിന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇതിന് 10 ലക്ഷത്തോളം രൂപ ആവശ്യമാണ്. രണ്ടുവർഷം മുമ്പാണ് ഷൈജു രോഗബാധിതനാകുന്നത്. സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും രണ്ടുവർഷമായി ചികിത്സിച്ചതിന് വളരെയധികം പണം ചിലവായി. മേസ്തിരിപ്പണിക്കാരനായ ഷൈജുവിന് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. ഒരു സഹോദരനും സഹോദരിയുമുണ്ടെങ്കിലും അവർ വിവാഹിതരായി വേറെയാണ് താമസിക്കുന്നത്. പ്രായം ചെന്ന അമ്മയും സുഹൃത്തുക്കളുമാണ് ഷൈജുവിന്റെ ചികിത്സ ഇതുവരെ നടത്തിയത്. തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി ഉപയോഗിച്ചാണ് കുടുംബം കഴിയുന്നത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച തുകയുപയോഗിച്ച് നിർമിച്ച വീട് മാത്രമാണ് ബാക്കിയുള്ളത്. ഷൈജുവിന്റെ ചികിത്സാ സഹായനിധി രൂപീകരണത്തിന് ജനകീയ കൂട്ടായ്മ രൂപീകരിച്ച് രക്ഷാധികാരിയായി ഫാ. ജോസഫ് വെളിഞ്ഞാലിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വട്ടപ്പാറ, പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സന്മനസുള്ളവർ ഷൈജുവിന്റെ ഫെഡറൽ ബാങ്ക് കരിമ്പൻ ബ്രാഞ്ചിലെ ചികിത്സാ ധനസഹായനിധിയിലേയ്ക്ക് നൽകണമെന്ന് ജനകീയ കമ്മറ്റിയഭ്യർത്ഥിച്ചു. അക്കൗണ്ട് നമ്പർ: 13300100134815, ഐ.എഫ്.സി കോഡ്- എഫ്.ഡി.ആർഎൽ 0001330.