തൊടുപുഴ: കുറെനാളുകളായി തൊടുപുഴ നിയോജകമണ്ഡലത്തിൽ വികസന സ്തംഭനാവസ്ഥ നിലനിൽക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം 15 മാസത്തിൽ താഴെ മാത്രം അവശേഷിക്കെ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട വികസനപ്രവർത്തനങ്ങളിൽ ഒരു പദ്ധതി പോലും ആരംഭിക്കാനോ സർക്കാരിന്റെ ഭരണാനുമതി ലഭ്യമാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്. വികസനപ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ സങ്കുചിത മനസോടെ പ്രവർത്തിക്കുന്നത് ഉചിതമല്ല. സ്തംഭനാവസ്ഥ ഒഴിവാക്കി പ്രഖ്യാപിക്കപ്പെട്ട വികസനപ്രവർത്തനങ്ങളും റോഡ് നിർമാണവും അടിയന്തരമായി പൂർത്തീകരിക്കാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, ബെന്നി പ്ലാകൂട്ടം, ജോസ് കവിയിൽ, ബെന്നി പാമ്പയ്ക്കൻ, കുര്യാച്ചൻ പൊന്നാമറ്റം, ലാലി ജോസി, അഡ്വ. ബിനു തോട്ടുങ്കൽ, പ്രൊഫ. ജെസി ആന്റണി, അഡ്വ. മധു നമ്പൂതിരി, ഷാനി ബെന്നി, അംബിക ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.