തൊടുപുഴ: ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥാപിക്കണമെന്ന് കേരളാ ചേരമർ സംഘ സംസ്ഥാന സെക്രട്ടറി രാജൻ മക്കുപാറ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണി കാരമക്കടവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അനു മേനാച്ചേരി, അമ്മിണി എന്നിവർ പ്രസംഗിച്ചു.
ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു
തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നൽകിവരുന്ന ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. ക്ഷേമനിധിയിൽ നിന്ന് 60 വയസ് പൂർത്തിയായി വിരമിക്കുന്ന തൊഴിലാളികൾക്ക് നൽകുന്ന മിനിമം പെൻഷൻ സ്റ്റേജ് കാര്യേജ് കോൺട്രാക്ട് കാര്യേജ് തൊഴിലാളികൾക്ക് നിലവിലുള്ള നിരക്കായ 1200 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിച്ചു. ഗുഡ്സ് വാഹന തൊഴിലാളികൾക്ക് 1200 രൂപയിൽ നിന്ന് 3500 രൂപയായും ടാക്സി ക്യാബ് തൊഴിലാളികൾക്ക് 1200 രൂപയിൽ നിന്ന് 2500 രൂപയായും ആട്ടോറിക്ഷ തൊഴിലാളികൾക്ക് 1200 രൂപയിൽ നിന്ന് 2000 രൂപയായും മിനിമം പെൻഷൻ വർദ്ധിപ്പിച്ചു. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർദ്ധിപ്പിച്ചു. അപകട മരണാനന്തര ധനസഹായം 1.5 ലക്ഷം രൂപയിൽ നിന്ന് 2,00,000 ലക്ഷമായും വിവാഹ ധനസഹായം 20,000 രൂപയിൽ നിന്ന് 40,000 രൂപയായും വർദ്ധിപ്പിച്ചു. ഇതോടൊപ്പം ഉടമ- തൊഴിലാളി അംശാദായം 20 ശതമാനമായും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഐ.എസ്.ഒ അംഗീകാരം
തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുകയും മികച്ച സേവനം ഉറപ്പുവരുത്തിയതിനുമാണ് ഐ.എസ്.ഒയുടെ അംഗീകാരം ബോർഡിന് ലഭിച്ചത്.
സോപ്പ് നിർമ്മാണം
ചിറ്റൂർ: ചിറ്റൂർ ജവഹർ മെമ്മോറിയൽ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സോപ്പ് നിർമ്മാണ പരിശീലന ക്ളാസ് ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജില്ലാ സെക്രട്ടറി എ.എൻ.സോമദാസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ സാജി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ബയോമെട്രിക് മസ്റ്ററിംഗ്
വെള്ളിയാമറ്റം/മുട്ടം/കുമാരമംഗലം: പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിന് 18 മുതൽ 30 വരെ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ കാർഡുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
സ്കോളർഷിപ്പ്
തൊടുപുഴ : കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ഗവൺമെന്റ് / എയ്‌ഡഡ് സ്ഥാപനത്തിൽ എട്ടാംതരം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് 2019- 20 വർഷത്തേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. അപേക്ഷാ ഫോം http://kmtwwfb.org/ എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം.