നെടുങ്കണ്ടം: മദ്യവിൽപ്പന സംഘത്തിന്റെ ആക്രമണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരപരിക്ക്. കല്ലും കമ്പി വടിയുമുപയോഗിച്ച് ആക്രമിച്ച ശേഷം ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റേഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എൻ.വി. ശശീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. രാധാകൃഷ്ണൻ, അരുൺരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപ്പന പിടികൂടാൻ വാർതാമുക്കിൽ ബൈക്കിൽ എത്തിയ മൂവരെയും ആട്ടോറിക്ഷയിൽ മദ്യം വിൽക്കുകയായിരുന്ന മൂന്നംഗ സംഘം കമ്പിവടിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രിവന്റീവ് ഓഫീസർ ഡി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ മദ്യം എടുത്തെറിഞ്ഞ ശേഷം അക്രമികൾ ഓട്ടോയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിലും ജീപ്പിലുമായി ഉദ്യോഗസ്ഥർ പിന്തുടർന്ന് ചെന്നപ്പോൾ ബൈക്ക് ഇടിച്ച് വീഴ്ത്തിയശേഷം പ്രതികൾ രക്ഷപ്പെട്ടു. ശശീന്ദ്രന്റെയും രാധാകൃഷ്ണന്റെയും കാലിലും കൈയിലും മുറിവുകളുണ്ട്. അരുണിന്റെ തലയ്ക്ക് പിന്നിൽ കമ്പിവടികൊണ്ടുള്ള അടിയേറ്റ ക്ഷതമുണ്ട്. ഇദ്ദേഹത്തിന് കേഴ്‌വി തകരാറ് സംഭവിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ പുറ്റടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും എക്‌സ്‌റേ എടുക്കാൻ രാത്രിയിൽ സൗകര്യമില്ലാത്തതിനാൽ മുറിവുകൾ ഡ്രസ് ചെയ്ത ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. തുടർന്ന് തൂക്കുപാലത്തെ അർപ്പണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികൾ വലിച്ചെറിഞ്ഞ 2.5 ലിറ്റർ മദ്യം കണ്ടെടുത്തിട്ടുണ്ട്. ആട്ടോയിൽ ഉണ്ടായിരുന്ന സെന്തിൽകുമാർ, അനുമോൻ, മദൻ എന്നിവരെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വണ്ടന്മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.