ammal

ചെറുതോണി : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ പദ്ധതി അശരർക്കും ആലംബഹീനർക്കും ഏറെ ആശ്വാസകരമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. പറഞ്ഞു. ഏകാന്തക അനുഭവിക്കുന്ന ഇത്തരം ആളുകളോട് അടുത്തിടപഴകുന്നതിനും ജീവിത സാഹചര്യം അറിഞ്ഞ് സഹായങ്ങൾ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് പദ്ധതി ഏറെ സഹായകരമാണ്. ഓരോ അയൽകൂട്ടങ്ങളും അതാത് പരിധിയിൽ വരുന്ന കുടുംബങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യാനായാൽ ഏകാന്തത അനുഭവിക്കുന്ന നിരവധിപോരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർ ത്താനാകും

സ്‌നേഹിത കോളിംഗ് ബെൽ വാരാഘോഷത്തോടനുബന്ധിച്ച് വാഴത്തോപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന സരസ്വതി അമ്മാളിനെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം മൂലം ഭർത്താവും ഏറെ താമസിക്കാതെ അപകടത്തിൽ മകനും മരണപ്പെട്ടതോടെ ഏകയായി തീർന്ന സരസ്വതി അമ്മാളിന്റെ ജീവിതം ഏറെ ദുഷ്‌കരമാണ്. സ്വന്തമായി വീടും സ്ഥലവുമില്ലാതെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ ഏറെ കഷ്ടപ്പെട്ടാണ് അനുദിന ജീവിതം നടത്തുന്നത്. സ്ഥലവും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. ഉറപ്പ് നൽകി. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തേക്കുള്ള ഭക്ഷണ സാമഗ്രികൾ കൈമാറി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, വൈസ് പ്രസിഡന്റ് ബാബു ജോർജ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ജിജി ബാബു, കുടുംബശ്രീ ജെണ്ടർ കൺസൾട്ടന്റ് ജെ ജാദവേദൻ, സ്‌നേഹിത സ്റ്റാഫ് ലിയ പോൾ, കമ്മ്യൂണിറ്റി കൗൺസിലർ ലിസി മാത്യു, കോ-ഓർഡിനേറ്റർ സിജി എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.