കട്ടപ്പന: രാഗ താള ലയ വിസ്മയങ്ങൾ തീർത്ത് കുടിയേറ്റ മണ്ണിൽ കലയുടെ കേളികൊട്ടുണർന്നു. ഇനി മൂന്ന് നാൾ മലയോരത്തെങ്ങും ഉത്സവനാളുകൾ. 32-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ തിരിതെളിഞ്ഞു. ഇന്നലെ രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും മത്സരങ്ങൾ വൈകിയാണ് തുടങ്ങിയത്. ആദ്യദിനമായ പദ്യംചൊല്ലൽ മത്സരം തുടങ്ങാൻ രണ്ട് മണിക്കൂർ വൈകി. വിധി കർത്താക്കൾ എത്താൻ വൈകിയതാണ് കാരണം. ക്ലാർനറ്റ്, ബ്യൂഗിൾ, ബാന്റ്‌സെറ്റ്, രചനകൾ, ഇംഗ്ലീഷ്, മലയാളം പദ്യം ചൊല്ലൽ, ചെണ്ട, തായമ്പക, ഇംഗ്ലീഷ്, മലയാളം പ്രസംഗം ഇനങ്ങളിലാണ് പ്രധാനമായും ഇന്നലെ മത്സരങ്ങൾ നടന്നത്. ബ്യൂഗിൾ ഹയർ സെക്കൻഡറി മത്സര വിഭാഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ് സ്‌കൂളിലെ ഗായത്രി ഹരികുമാർ മേളയിലെ ആദ്യ വിജയിയായി. ഹയർസെക്കൻഡറി സ്‌കൂളിന്റെ മുൻവശത്ത് പൊരിവെയിലത്താണ് ബാന്റ് സെറ്റ് മത്സരങ്ങൾ നടന്നത്. ഏഴ് ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം കുട്ടികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ഒമ്പത് സ്റ്റേജുകളിലായാണ് മത്സരം അരങ്ങേറുന്നത്.
ഉദ്ഘാടനം ഇന്ന്
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയിൽ ഇന്ന് രാവിലെ 30ന് നടക്കുന്ന യോഗത്തിൽ കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കും. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ലോഗോ പുരസ്‌കാരദാനം നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി, സ്‌കൂൾ മാനേജർ ഫാ. ജേക്കബ് ചാത്തനാട്ട്, ജീമോൻ ജേക്കബ് എന്നിവർ സംസാരിക്കും.