തൊടുപുഴ: ആറടിയോളം താഴ്ചയുള്ള ഓടയിൽ കുടുങ്ങിയ കാളക്കിടാവിനെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് രക്ഷിച്ചു. കാരിക്കോട് ആദംപള്ളി തൊട്ടിയിൽ സജീവന്റെ രണ്ടു വയസ് പ്രായം വരുന്ന കിടാവാണ് ഓടയിൽ വീണത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ തൊടുപുഴ- ഏഴല്ലൂർ റോഡിൽ മഠത്തിക്കണ്ടത്താണ് സംഭവം. റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ തെറ്റി കാള ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയ്ക്കുള്ളിൽ കുടുങ്ങിയ കിടാവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ വന്നതിനെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ പി.ബി. രാജന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരു മണിക്കൂർ കഠിന പ്രയത്‌നം നടത്തിയാണ് കിടാവിനെ ഓടയിൽ നിന്ന് പുറത്തെടുത്തത്. വീഴ്ചയിൽ ചെറിയ പോറലുകളേറ്റതൊഴിച്ചാൽ കാളക്കുട്ടിയ്ക്ക് കാര്യമായ പരിക്കുകളില്ല.