തൊടുപുഴ: വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയായ 'തൂവാല വിപ്ലവം' ജില്ലയിൽ ആരംഭിച്ചു. വായുജന്യ രോഗങ്ങളെക്കുറിച്ചും അവ നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൂവാല വിപ്ലവത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികളെ തൂവാല ഉപയോഗിക്കാൻ ശീലിപ്പിക്കുയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതുവഴി വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങൾ തടയാനാവുമെന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാനാവും.മുട്ടം തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. മഹേഷ് നാരായണൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.സി. ചാക്കോ എന്നിവർ സംസാരിച്ചു .ഹെൽത്ത് സൂപ്പർവൈസർ ജോജോ സിറിയക്, ക്ഷയരോഗ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ കെ.ആർ.രഘു, എൻ.എച്ച്.എം. കോഡിനേറ്റർ ഷിബു തോമസ്, ലാബ് സൂപ്പർവൈസർ ജോർജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ലക്ഷ്യം ക്ഷയരോഗ നിർമാർജനം
2025 ഓടെ ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം നടപ്പാക്കുന്നതിന് ജില്ലാ ആരോഗ്യ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ജീവിത ശൈലീ രോഗ നയന്ത്രണ സംവീധാനവും ജില്ലാ റ്റി.ബി. കൺട്രോൾ യൂണിറ്റും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിക്കും. രോഗ നിർമാർജനത്തിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് കൂട്ടയോട്ടത്തിന്റെ ലക്ഷ്യം. രോഗ നിർമാർജനത്തിന് തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിൽ കഴിഞ്ഞ വർഷത്തേതിൽ നിന്നും ക്ഷയരോഗ ബാധിതരുടെ എണ്ണം നൂറിലധികം കുറക്കാനായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗത്തിന് സൗജന്യമായി മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച സ്റ്റെപ്സ് പരിപാടിയുടെ ഭാഗമാണിത്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും 'തൂവാല വിപ്ലവം' നടപ്പാക്കും.
ഡോ. സുരേഷ് വർഗീസ്
ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ