bdjs

വാഗമൺ: പരിസ്ഥിതി ലോല മേഖലയായ വാഗമൺ തവളപ്പാറയിൽ ക്വാറി അനുവദിച്ച നടപടി റവന്യൂ അധികാരികൾ റദ്ദാക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി. ജയേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമൻ, ഷാജി കല്ലാറയിൽ, ജില്ലാ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് തൊടുപുഴ, റെജി വണ്ണപ്പുറം, പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ കെ. തങ്കപ്പൻ, ഇടുക്കി മണ്ഡലം പ്രസിഡന്റ് മനേഷ് കുടിക്കയത്ത്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് തട്ടുപുര തുടങ്ങിയ നേതാക്കൾ തവളപ്പാറ സന്ദർശിച്ചു. നിയമം കാറ്റിൽ പറത്തി റവന്യൂ അധികൃതരുടെ ഒത്താശയോടെ പറമടലോബി ഏക്കറ് കണക്കിന് ഭൂമി പാട്ടവ്യവസ്ഥയിൽ കൈക്കലാക്കി പാറപൊട്ടിക്കാനൊരുങ്ങുകയാണ്. ഇതിനെതിരെ പ്രതിഷേധിയ്ക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണ്. വർഷങ്ങളായി ഇവിടെ ജീവിച്ചു വരുന്ന കർഷകരുടേത് കൈയേറ്റഭൂമിയാണെന്നു പറഞ്ഞ് പട്ടയം നൽകാതിരിക്കുന്നു. നൂറോളം കുടുംബങ്ങൾ എന്തു ചെയ്യണമെന്ന് അറിയാതെ ഭയപ്പാടിലാണ്. റവന്യൂ അധികാരികളുടെ വഴിവിട്ട മാഫിയ ബന്ധം അന്വേഷിക്കുന്നതിനും ക്വാറിയ്ക്ക് നൽകിയിട്ടുള്ള എൻ.ഒ.സി റദ്ദു ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വാഗമണ്ണിലെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റി നിരാഹാരമടക്കമുള്ള സമരപരിപാടികൾ ഉടൻ സംഘടിപ്പിക്കും.