കട്ടപ്പന: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ആദ്യം ദിനം തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം. 44 മത്സരങ്ങൾ പൂർത്തിയായ ഇന്നലെ ഹയർസെക്കൻഡറി വിഭാഗത്തിൽ 83 പോയിന്റുമായി പീരുമേട് സബ് ജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. 81 പോയിന്റ് നേടി നെടുങ്കണ്ടം രണ്ടാമതും 80 പോയിന്റുമായി തൊടുപുഴ മൂന്നാമതും എത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊടുപുഴ സബ്ജില്ല 81 പോയിന്റുമായി മുന്നിട്ട് നിൽക്കുമ്പോൾ 80 പോയിന്റുമായി കട്ടപ്പന തൊട്ടു പിന്നിലുണ്ട്. യു.പി വിഭാഗത്തിൽ കട്ടപ്പന സബ്ജില്ല 48 പോയിന്റുമായി ഒന്നാമതെത്തി. 36 പോയിന്റ് നേടിയ പീരുമേടാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂൾ തലത്തിലും മികച്ച പോരാട്ടമാണ് ആദ്യ ദിനം അരങ്ങേറിയത്. 50 പോയിന്റ് നേടിയ കുമാരമംഗലം എം.കെ.എൻ.എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ മുന്നിട്ട് നിന്നു. കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് 41 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ 25 പോയിന്റ് നേടിയ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസാണ് ഒന്നാമത്. 23 പോയിന്റുള്ള കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ് രണ്ടാം സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തിൽ 20 പോയിന്റുമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ഒന്നാമതും 15 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ജി.എച്ച്.എസ്.എസും അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസും രണ്ടാം സ്ഥാനത്തുമെത്തി.