കട്ടപ്പന: പതികാലത്തിൽ തുടങ്ങി ഉഗ്ര- രൗദ്ര ഭാവങ്ങളിൽ ആസ്വാദകരെ കീഴടക്കി കുട്ടിപ്പട കൊട്ടികയറിയപ്പോൾ ഒന്നാം സ്ഥാനവുമായി ദ്രുതകാലം അന്തരീക്ഷത്തിൽ മുഴങ്ങി. താളംപിടിച്ച കാണികൾ ഒരുപോലെ പറഞ്ഞു, വാദ്യ കുലപതി കാരപ്പാട്ടു കുട്ടിയാശാന്റെ നാലാം തലമുറക്കാർ ഒട്ടുംമോശമല്ല. ഹൈസ്‌കൂൾ വിഭാഗം തായമ്പകയിലാണ് കുട്ടിയാശാന്റെ നാലാം തലമുറയായ വിഷ്ണു സതീഷും സംഘവും അവതരിപ്പിച്ച തായമ്പകയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്. കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് സംഘം. മൂന്നുവർഷമായി വിഷ്ണുവും സംഘവും തായമ്പക പരിശീലിച്ചുവരുന്നു. വിഷ്ണുവിന്റെ അച്ഛൻ സതീഷ് കട്ടപ്പനയുടെ മേൽനോട്ടത്തിലാണ് പരിശീലനം. തായമ്പകയിലെ കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്‌കൂളിന്റെ കുത്തക തകർത്താണ് ഇവർ കിരീടം ചൂടിയത്.