മത്സരിക്കണമെങ്കിൽ ലക്ഷങ്ങൾ വേണം, മത്സരാർത്ഥികൾ കുറവ്

കട്ടപ്പന: ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിൽ അരങ്ങിൽ മത്സരയിനമായി കഥകളിയെത്തുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷം. രണ്ട് വർഷങ്ങൾക്ക് മുമ്പ് മുണ്ടിയെരുമയിൽ നടന്ന ജില്ലാ കലോത്സവത്തിലാണ് അവസാനമായി കഥകളി വേദിയിലെത്തിയത്. അന്ന് തൊടുപുഴ ഉപജില്ലയിൽ നിന്നുള്ള മീര രാജേഷായിരുന്നു വിജയി. ഇത്തവണ ഹൈസ്‌കൂളിലും ഹയർസെക്കൻഡറി വിഭാഗത്തിലും ഓരോ മത്സരാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിത്യ ലക്ഷ്മിയും ഹയർസെക്കൻഡറിയിൽ സേനാപതി എം.ബി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥി സോന പി. ഷാജിയുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രാജേഷ്- സ്മിത ദമ്പതികളുടെ മകളാണ് ആദിത്യ. നാടോടിനൃത്തം, സംഘനൃത്തം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. ഇവയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ ജില്ലാതലത്തിൽ സമ്മാനങ്ങൾ നേടിയിരുന്നു. ബെറ്റി- ഷാജി ദമ്പതികളുടെ മകളാണ് സോന. നാടോടിനൃത്തം, സംഘനൃത്തം, മോഹിനിയാട്ടം എന്നിവയിലും മത്സരിക്കുന്നുണ്ട്.

ലക്ഷങ്ങൾ ചെലവ്

കഥകളി കലോത്സവ വേദികളിലെത്താത്തതിന് പ്രധാനകാരണം ഭാരിച്ച ചെലവ്. കഥകളി ഒരുതവണ വേദിയിലെത്തിക്കാൻ ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് വരും.

തൃശൂരിലെ ചെറുതുരുത്തിയിൽ നിന്ന് വേണം പക്കമേളക്കാരെയെത്തിക്കാൻ. ചമയത്തിനും വൻ തുക മുടക്കണം. ഇങ്ങനെ ഉപജില്ലയിലും ജില്ലയിലുമായി മൂന്ന് ലക്ഷത്തോളം രൂപ ഒരു മത്സരാർത്ഥി മുടക്കണം.

ചെലവ് ഇങ്ങനെ

പക്കമേളം- 75,000 രൂപ

ചമയം- 75,000 രൂപ

ആകെ- ഒന്നര ലക്ഷം