നെടുങ്കണ്ടം :ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിലുള്ള വീടുകളുടെ ആധാരം രണ്ട് മാസത്തിനകം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭവനനിർമ്മാണ ബോർഡിന് ഉത്തരവ് നൽകി.
വീടുകൾ അറ്റകുറ്റപണി ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കോളനി നിവാസികൾക്ക് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇരുപത് വർഷങ്ങൾക്കു മുമ്പ് ഭവന നിർമ്മാണ ബോർഡ് നിർമ്മിച്ച വീടുകളിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് എം എസ് ഷാജിയും പുഷ്പകുമാരിയും സമർപ്പിച്ച പരാതിയിലാണ് നടപടി. വീടുകൾ തകർന്നുവീഴാറായ അവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു.
കമ്മീഷൻ ഭവനനിർമ്മാണ ബോർഡ്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് വാങ്ങി.
രാജീവ് ദശലക്ഷം പാർപ്പിട പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വീടുകളിൽ താമസിക്കുന്നത് യഥാർത്ഥ അവകാശികളല്ലെന്ന് ഭവനബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. വീടുകളിൽ താമസിക്കുന്നവരുടെ അർഹത ഗ്രാമപഞ്ചായത്ത് പരിശോധിച്ച് അറിയിച്ചാൽ ആധാരം നൽകുന്നതാണ്. അർഹരെകുറിച്ച് അറിയിക്കാൻ നെടുങ്കണ്ടം പഞ്ചായത്തിന് ഏഴ് തവണ കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചു. വീടുകളുടെ ഉടമസ്ഥാവകാശം കോളനികൾക്ക് നൽകുന്നതിന് ഭവന നിർമ്മാണ ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ബോർഡ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
കോളനി നിവാസികൾക്ക് ആധാരം ലഭിക്കുന്നമുറയ്ക്ക് വീടുകളുടെ അറ്റകുറ്റപണികൾക്കുള്ള ധനസഹായം പഞ്ചായത്ത് നൽകുന്നതാണ്. വീടുകൾ അനുവദിക്കേണ്ട 50 പേരുടെ പട്ടികയും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ ഹാജരാക്കി. 2019 മാർച്ച് 22 ന് ബോർഡിന് പട്ടിക നൽകിയതാണെന്നും പഞ്ചായത്ത് അറിയിച്ചു.
ഭവനബോർഡ് ആവശ്യപ്പെട്ടതുപോലെ പട്ടിക കൈമാറിയ സ്ഥിതിക്ക് അർഹത പരിശോധിച്ച് കോളനി നിവാസികൾക്ക് ആധാരം ഉടൻ കൈമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് പരാതിക്കാരുടെ മനുഷ്യാവകാശ ലംഘനമായി കാണേണ്ടിവരും
ഭവന നിർമ്മാണ ബോർഡ് (കട്ടപ്പന) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്.