മുട്ടം: കഴിഞ്ഞ വർഷം നടത്തിയതിന്റെ തുടർച്ചയായി ഈ വർഷവും മലങ്കര ഫെസ്റ്റ് നടത്താൻ സംഘാടകർ തയ്യാറാകണമെന്ന് മുട്ടം വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഫെസ്റ്റ് നടത്തിയതിനെ തുടർന്നാണ് മുടങ്ങി കിടന്ന മലങ്കര എൻട്രൻസ് പ്ലാസയുടെ നിർമ്മാണം പൂർത്തീകരിച്ചതും കുട്ടികളുടെ പാർക്കിന് ഫണ്ട് അനുവദിച്ചതും. മലങ്കര ടൂറിസ്റ്റ് ഹബ്ബിലേക്ക് പുതിയ പദ്ധതികൾ എത്തുന്നതിന് ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റുകൾ പോലുള്ള പരിപാടികൾ എല്ലാ വർഷവും നടത്തണം. ഈ വർഷവും ഫെസ്റ്റ് നടത്തണമെന്ന് വിവിധ മേഖലകളിലുള്ള ജനങ്ങൾ ഏറെ നാളായി ആവശ്യപ്പെടുന്നുമുണ്ട്.ഈ സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഈ വർഷവും ഫെസ്റ്റ് നടത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം വികസന സമിതി പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ, സെക്രട്ടറി ജോസഫ് പഴയിടം, വൈസ് പ്രസി. ടോമി ജോർജ് മൂഴിക്കുഴിയിൽ, ട്രഷറർ ബേബി ചൂരപൊയ്കയിൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന് നിവേദനം നൽകി.